കോഴിക്കോട്: ലോറിയുടമ മനാഫ് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് അർജുന്റെ കുടുംബം. അർജുനെ കാണാതായ അന്ന് മുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുവെന്നും മനുഷ്യത്വമില്ലാതെയാണ് പലരും തങ്ങൾക്ക് നേരെ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അർജുന് 75,000 രൂപ പ്രതിമാസം വരുമാനം കിട്ടുന്നുണ്ടെന്ന് മനാഫ് പറഞ്ഞത് തെറ്റാണ്. അയാൾ ഈ അവസ്ഥയെ ചൂഷണം ചെയ്യുന്നതായാണ് ഞങ്ങൾക്ക് തോന്നുന്നത്. മനാഫിന് ഒരുപാട് ഫണ്ട് ലഭിക്കുന്നുണ്ട്. അതൊന്നും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറല്ല. വൈകാരികതയെ ചൂഷണം ചെയ്യുന്നതിൽ നിന്ന് അദ്ദേഹം പിന്മാറണം. ഇതുവരെ അർജുന് 75,000 രൂപ ശമ്പളം ലഭിച്ചിട്ടില്ലെന്നും ജിതിൻ പറഞ്ഞു. അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്‌ക്കും സഹോദരി അഞ്ജുവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പമായിരുന്നു ജിതിന്റെ വാർത്താസമ്മേളനം.
ചില ഓൺലൈൻ മാദ്ധ്യമങ്ങൾ മോശമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അർജുൻ പോയെന്ന് കരുതി പിച്ചതെണ്ടേണ്ട അവസ്ഥ നിലവിൽ ഞങ്ങൾക്കില്ല. ഒരുപാട് പ്രശ്നങ്ങൾ ഞങ്ങൾ ഇപ്പോൾ നേരിടുന്നു. അർജുനെ കണ്ടെത്തുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷേ മനാഫിനെ പോലെ ചിലർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനാണ് അവിടെ നിന്നത്. മനാഫും ഈശ്വർ മാൽപെയും മീഡിയ പബ്ലിസിറ്റിക്ക് വേണ്ടി നാടകം കളിച്ചു.
ആദ്യമൊന്നും ഇത് ഞങ്ങൾ കാര്യമാക്കിയില്ല. പക്ഷേ, എല്ലാ പരിധികളും കഴിഞ്ഞപ്പോഴാണ് മാദ്ധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്. അർജുനെ തെരയുന്ന ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് മനാഫ് സ്വന്തം യൂട്യൂബ് ചാനലുകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഷിരൂരിൽ വച്ച് പോലും അതാണ് സംഭവിച്ചത്. തെരച്ചിൽ പുരോഗമിക്കുമ്പോഴും ഞങ്ങൾ അതിന്റെ വിഷമത്തിൽ കഴിയുമ്പോഴും യൂട്യൂബ് ചാനലിലെ വ്യൂസ് വർദ്ധിക്കുന്നതായിരുന്നു അവരുടെ ചർച്ചയെന്നും കുടുംബം ആരോപിച്ചു.
കേരളത്തിലെയും കർണാടകത്തിലെയും സർക്കാരുകളാണ് അർജുനെ കണ്ടെത്താൻ ഒരുപാട് സഹായിച്ചത്. ഡ്രെഡ്ജർ കൊണ്ടുവരാൻ നീക്കം നടത്തിയപ്പോൾ പോലും അതൊക്കെ നടക്കുമോയെന്ന് ചോദിച്ച ആളാണ് ലോറി ഉടമയായ മനാഫ്. വീട്ടിലേക്ക് വരുമ്പോൾ മനാഫിന് ഒപ്പമുളളവർ അതിന്റെ വീഡിയോകൾ ഷൂട്ട് ചെയ്ത് യൂട്യൂബ് ചാനലുകളിൽ ഇടുകയാണ്. വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകളെല്ലാം തങ്ങളെ അവഹേളിക്കുന്നതാണെന്നും കുടുംബം ആരോപിച്ചു. സഹോദരങ്ങൾക്ക് വേണ്ടിയാണ് അർജുൻ പണം ചെലവഴിച്ചതെന്നാണ് ആരോപണം. മനാഫ് നൽകുന്ന ഇന്റർവ്യൂകളിൽ നിന്നാണ് ഇത്തരം പ്രചാരണങ്ങൾ പുറത്തുവരുന്നത്. എന്നാൽ ഇതെല്ലാം വാസ്തവ വിരുദ്ധമാണെന്നും കുടുംബം പറഞ്ഞു.
ഏതൊരു വീട്ടിലും സംഭവിക്കാവുന്ന പ്രതിസന്ധിയാണിത്. അത്തരം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാത്രമേ ഞങ്ങൾക്കുളളൂ. അത് മറികടക്കാനാകും. അർജുന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ട്. അവർക്ക് ജീവിക്കാനുളള വഴി തെളിച്ച് കൊടുത്തിട്ടുണ്ട്. ഇതിന്റെ പേരിൽ ആരും ആർക്കും ഫണ്ട് നൽകരുതെന്നും ആ പണം കുടുംബത്തിന് വേണ്ടെന്നും ജിതിൻ പറഞ്ഞു.















