നവരാത്രിയുടെ ഒൻപത് ദിവസങ്ങളിൽ ദുർഗാ ദേവിയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു എന്നത് സുവിദിതമാണല്ലോ. ദേവതയെ ഓരോ ഭാവത്തിൽ ആരാധിക്കുമ്പോൾ ധ്യാനങ്ങളും മന്ത്രങ്ങളും, മാത്രമല്ല അർപ്പിക്കേണ്ട നിവേദ്യങ്ങളും മാറും.
ദേവതയും ഭക്തരും തമ്മിലുള്ള ബന്ധത്തെ കൂടുതൽ രൂഢമൂലമാക്കുന്നതിന്, അഥവാ ഭക്തനെ ദേവതയോട് കൂടുതൽ അടുപ്പിക്കുന്നതിന് വലിയൊരു പങ്ക് നിവേദ്യം എന്ന സമർപ്പണം നിർവഹിക്കുന്നുണ്ട്. മൂർത്തിക്ക് സമര്‍പ്പിച്ച ശേഷമുള്ള നിവേദ്യം ഭക്തന്‍ പ്രസാദമായി സ്വീകരിക്കും.
തനിക്കുള്ള സര്‍വ്വവും ഈശ്വരന്‍റേതാണന്നും എല്ലാം ദേവതക്ക് സമര്‍പ്പിക്കുന്നു എന്നുമുള്ള തത്വമാണ് നിവേദ്യ സമര്‍പ്പണത്തിന്റെ കാതൽ.
ഓരോ മൂർത്തിയുടെയും താല്‍പര്യമനുസരിച്ച് നിവേദ്യ സമര്‍പ്പണം വ്യത്യസ്തമായിരിക്കും. ദേവതയുടെ ഭാവം മാറുമ്പോൾ പോലും നേദ്യത്തിന്റെ സ്വഭാവം മാറും. മൂർത്തിക്ക് ഇഷ്ടമുള്ള നേദ്യങ്ങളായിരിക്കും അതാത് ക്ഷേത്രങ്ങളിലെ പ്രധാന വഴിപാട്.
അതുപോലെ തന്നെയാണ് ആചരണ സമയത്തും. പ്രധാനമായും നവരാത്രിയിലാണ് ഇങ്ങിനെ നേദ്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കുക. ശാരദീയ നവരാത്രിയിൽ ദുർഗ്ഗാ ദേവിയെ നവ ദുർഗ്ഗാ ഭാവത്തിൽ ആരാധിക്കുന്നു . ഓരോ ദിവസവും ഓരോ ഭാവത്തിലായിരിക്കും പരമേശ്വരിയുടെ ആരാധന.
പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
തൃതീയം ചന്ദ്രഖണ്ഡേതി കൂശ്മാണ്ഡേതി ചതുർത്ഥകം.
പഞ്ചമം സ്കന്ദമാതേതി ഷഷ്ഠം കാർത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൗരീതി ചാഷ്ടമം.
നവമം സിദ്ധിദാ പ്രോക്താ നവദുർഗ്ഗാ: പ്രകീർത്തിതാഃ: എന്നാണ് ദേവീ ഭാഗവതം പറയുന്നത്.
അതിനനനുസരിച്ച് നേദ്യവും വ്യത്യാസപ്പെടും.
ഈ ദേവതകൾക്കുള്ള വ്യത്യസ്ത നേദ്യങ്ങൾ താഴെപ്പറയുന്നു.
ഒന്നാം ദിവസം ശൈലപുത്രി – തൃമധുരം,
രണ്ടാം ദിവസം ബ്രഹ്മചാരിണി – കടല പുഴുങ്ങിയത്,
മൂന്നാം ദിവസം ചന്ദ്രഖണ്ഡ – നെയ് പായസം,
നാലാം ദിവസം കൂശ്മാണ്ഡ – കടും പായസം,
അഞ്ചാം ദിവസം സ്കന്ദമാത – പഞ്ചാമൃതം,
ആറാം ദിവസം കാത്യായനി – പിഴിഞ്ഞ് പയസം,
ഏഴാം ദിവസം കാളരാത്രി – അരവണ പ്പായസം,
എട്ടാം ദിവസം മഹാഗൗരി – കൂട്ടുപായസം,
ഒൻപതാം ദിവസം സിദ്ധിദാത്രി – പാൽപ്പായസം.
ദേവതക്ക് നിവേദ്യം സമര്‍പ്പിക്കുന്ന സമയത്ത് ക്ഷേത്രങ്ങളിൽ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. നവരാത്രി ദിവസങ്ങളിൽ ഓരോ ദേവതക്കും അതാത് നിവേദ്യങ്ങൾ സമർപ്പിക്കുന്നത് ശ്രെയസ്കരമാണ്.
(കേരളത്തിലെ ശാക്തേയ ഉപാസകർക്കിടയിൽ നിലനിൽക്കുന്ന ഒരു രീതിയിലെ നിവേദ്യക്രമം ആണിത്. ഇതിൽ നിന്ന് വ്യത്യസ്‍തമായ മറ്റു നിവേദ്യ ക്രമങ്ങളും നിലവിലുണ്ട്.)