ഡൽഹിയിൽ പൊലീസ് പ്രത്യേക സംഘത്തിന്റെ വമ്പൻ ലഹരി മരുന്ന് വേട്ട. 560 കിലോ കൊക്കെയ്ൻ ആണ് പിടികൂടിയത്. പൊതുവിപണിയിൽ 5,600 കോടി രൂപ വിലവരുന്നതാണ് ലഹരിമരുന്ന്.വസന്ത് കുഞ്ചിലായിരുന്നു സംഭവം. ഇന്ത്യയിൽ പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര മയക്കുമരുന്ന് സിൻഡിക്കേറ്റിൽ നിന്നാണ് ഇവ പിടികൂടിയതെന്നാണ് സൂചന. നാലുപേർ അറസ്റ്റിലായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
15 കോടി രൂപയുടെ 15 കിലോഗ്രാം വാങ്ങാനെത്തിയ ഒരാളിലൂടെയാണ് ബാക്കിയുള്ളവരെ കണ്ടെത്തിയത്. ഭരത്,തുഷാർ ഗോയൽ, ഹിമാൻഷു, ഔറംഗസീബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗോയലിന്റെ കുടുംബം അച്ചടി ബിസിനസാണ് നടത്തുന്നത്. ശേഷിക്കുന്നവരെ മഹിപാൽപൂരിലെ ഒരു ഗോഡൗണിൽ നിന്നാണ് പിടികൂടിയത്.
അന്താരാഷ്‌ട്ര ലഹരിക്കടത്ത് മാഫിയ സിൻഡിക്കേറ്റുകളുമായി ബന്ധമുള്ളവരാണ് പിടിയിലായത്. മിഡിൽ ഈസ്റ്റിലാണ് സിൻഡിക്കേറ്റിന്റെ പ്രവർത്തനം. ഡൽഹിയിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ വിതരണത്തിന് എത്തിച്ചതാണ് ലഹരിമരുന്ന്. കേന്ദ്ര ഇന്റലിജൻസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്ന് അഡീഷണൽ കമ്മിഷണർ പ്രമോദ് കുശ്വാഹ പറഞ്ഞു.