തിരുവനന്തപുരം: അനന്തപുരിയിലേക്കുളള നവരാത്രി വിഗ്രഹ ഘോഷയാത്രയ്‌ക്ക് ഗാർഡ് ഓഫ് ഓണർ നൽകി കേരള പൊലീസിലെ വനിതാ ബറ്റാലിയൻ. ഘോഷയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ബറ്റാലിയൻ ക്യാപ്റ്റൻ ലാറ്റ പറഞ്ഞു.
നവരാത്രി ഘോഷയാത്രയിൽ ഏറ്റവും ആകർഷണീയമായിട്ടുള്ളത് തിരുവനന്തപുരത്ത് ജില്ലാ അതിർത്തിയായ പാറശാലയിൽ വനിതാ പൊലീസ് ഗാർഡ് നൽകുന്ന സ്വീകരണമാണ്. ഇത് രണ്ടാം തവണയാണ് കേരള പൊലീസിന്റെ വനിതാ ബറ്റാലിയൻ നവരാത്രി ഘോഷയാത്രയ്‌ക്ക് സ്വീകരണം നൽകുന്നത്. 34 അംഗ വനിതാ ബറ്റാലിയനാണ് ഘോഷയാത്രയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചത്.
രാഷ്‌ട്രം സമഗ്ര മേഖലകളിലും നാരി ശക്തിക്ക് മുൻഗണന നൽകുമ്പോൾ ചരിത്ര പ്രസിദ്ധമായ നവരാത്രി ഘോഷയാത്രയിൽ ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ബറ്റാലിയൻ ക്യാപ്റ്റൻ ലാറ്റ പറഞ്ഞു.
രണ്ടാം ദിവസമായ ഇന്ന് കുഴിത്തുറ ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയെ കേരള അതിർത്തിയിൽ നാഗാലാൻഡ് ഗവർണറുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
തക്കല പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് ആചാര വിധിപ്രകാരം ആരംഭിച്ച യാത്ര മാർത്താണ്ഡം വെട്ടിമണി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷമാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കാൽക്കുളം നീലകണ്‌ഠ സ്വാമി ക്ഷേത്രത്തിൽ നിന്നും മുന്നൂറ്റിനങ്കയും വേളിമലയിൽ നിന്ന് കുമാരസ്വാമിയും തേവാരക്കെട്ട് ക്ഷേത്രത്തിലെ സരസ്വതീദേവിയുമാണ് ഘോഷയാത്രയായി എഴുന്നള്ളുന്നത്. ഇന്ന് വൈകുന്നേരം നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തുന്ന ഘോഷയാത്ര നാളെ തിരുവനന്തപുരം നഗരത്തിൽ പ്രവേശിക്കും.
.















