വിനായകനൊപ്പമുള്ള ലൊക്കേഷൻ ചിത്രം പങ്കുവച്ച് മമ്മൂട്ടി. മമ്മൂട്ടി കമ്പനിയുടെ ഏഴാം പ്രോജക്ടിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രമായാണ് വിനായകൻ ചിത്രത്തിലെത്തുന്നത്.
വളരെ വ്യത്യസ്ത വേഷത്തിലായിരിക്കും വിനായകൻ ചിത്രത്തിൽ എത്തുകയെന്നാണ് മമ്മൂട്ടി പങ്കുവച്ച പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നത്. നാഗർകോവിലിൽ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പുതിയ സിനിമയുടെ പേര് അണിയറ പ്രവർത്തകർ ഇതുവരെ പങ്കുവച്ചിട്ടില്ല. നാഗർകോവിലിലേക്ക് പോകുന്നതിനായി മമ്മൂട്ടി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.
കുറുപ്പ് എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്തായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പ്രതിനായകനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്നാണ് സൂചന.
ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്സാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രം. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയും റിലീസിനൊരുങ്ങുകയാണ്.