ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബമെത്തിയതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് മലയാളികൾ. അർജുന്റെ ഭൗതികദേഹവും ലോറിയുടെ അവശിഷ്ടങ്ങളും ഗംഗാവലി പുഴയിൽ നിന്ന് ലഭിച്ചതിന് പിന്നാലെ കേരളത്തിലെ പുതിയ ‘നന്മമരമായി’ മാറിയ മനാഫിനെക്കുറിച്ച് അതിഗുരുതര ആരോപണങ്ങളുമായാണ് അർജുന്റെ കുടുംബം രംഗത്തെത്തിയത്. ഇതോടെ മനാഫിനെതിരെ ഒരുവിഭാഗവും അർജുന്റെ കുടുംബത്തിനെതിരെ മറ്റൊരു വിഭാഗവും എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്.
അർജുനെ മാത്രം കണ്ടന്റാക്കി മനാഫിന്റെ യൂട്യൂബ് ചാനൽ, അർജുന്റെ പേരിൽ ഫണ്ട് പിരിവ്, അർജുന് 75,000 രൂപ വേതനം നൽകിയെന്ന പ്രചാരണം, തെരച്ചിൽ വൈകിപ്പിക്കൽ, വൈകാരികതയെ ചൂഷണം ചെയ്യൽ, അർജുന്റെ പേരിൽ പ്രചാരണങ്ങൾ നടത്തി കുടുംബത്തെ അവഹേളിക്കൽ, കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ പരിഗണിക്കാതെ സെന്റോഫ് പാർട്ടി നടത്തൽ, അർജുന്റെ പേര് ഉപയോഗിച്ച് യൂട്യൂബ് വീഡിയോകൾക്ക് വ്യൂസ് ഉയർത്തൽ, ആവശ്യത്തിനും അനാവശ്യത്തിനും അർജുന്റെ പേര് പ്രയോഗിക്കൽ തുടങ്ങി അനവധി ആരോപണങ്ങൾ മനാഫിനെതിരെ കുടുംബം ഉന്നയിച്ചിരുന്നു. യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ ആരോപണങ്ങളെ സാധൂകരിക്കുന്ന ചില വിവരങ്ങളാണ് മനാഫിന്റെ ചാനലിൽ കാണാനാവുന്നത്.
ലോറി ഉടമ മനാഫ് – Lorry Udama Manaf – എന്ന പേരിലാണ് യൂട്യൂബ് ചാനൽ. നിലവിൽ 22,000ത്തോളം സബ്സ്ക്രൈബേഴ്സ് ഇതിനുണ്ട്. അർജുന്റെയും ലോറിയുടെയും ചിത്രമാണ് ഡിസ്പ്ലേ പിക്ച്ചറായി (ഡിപി) നൽകിയിരിക്കുന്നത്. ഇതുവരെ 33 വീഡിയോകൾ ചാനലിൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലൈവ് വീഡിയോകളുമായി സജീവമാണ് ചാനൽ. അർജുന്റെ സംസ്കാര ദിവസം പോലും ലൈവ് വീഡിയോ ചെയ്ത് വ്യൂസ് നേടിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. അർജുനുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ഷിരൂരിലെ അപകട സ്ഥലത്ത് നിന്ന് തെരച്ചിൽ നടത്തുന്നതിന്റെ ലൈവ് വീഡിയോകളും മനാഫ് പങ്കുവച്ചിട്ടുണ്ട്. ഇതിൽ പല വീഡിയോകൾക്കും ഒരു ലക്ഷത്തിൽപരം കാഴ്ചക്കാരെയും ലഭിച്ചിട്ടുണ്ടെന്നതാണ് പ്രത്യേകത.
വൈകാരികതയെ വിറ്റ് കാശാക്കുന്നുവെന്ന് അർജുന്റെ കുടുംബം ഉന്നയിച്ച ആരോപണം ഒരുപരിധി വരെ ശരിവയ്‌ക്കുന്നതാണ് മനാഫിന്റെ യൂട്യൂബ് ചാനലെന്നാണ് ഡിജിറ്റൽ ലോകത്ത് ഒരു വിഭാഗമാളുകൾ അഭിപ്രായപ്പെടുന്നത്. എന്നാൽ മനാഫ് ചെയ്ത കാര്യങ്ങൾക്ക് നന്ദി പ്രകടിപ്പിക്കേണ്ടതിന് പകരം തള്ളിപ്പറഞ്ഞത് ശരിയല്ലെന്ന വിമർശനങ്ങളും അർജുന്റെ കുടുംബത്തിന് നേരെ ഉയരുന്നുണ്ട്.