റാഞ്ചി: ഝാർഖണ്ഡിലെ ഹിന്ദുക്കളുടെയും വനവാസികളുടെയും ജനസംഖ്യയിൽ കാര്യമായ കുറവ് സംഭവിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാർഖണ്ഡ് മുക്തി മോർച്ചയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ സംസ്ഥാനത്തിന്റെ സ്വത്വവും സംസ്കാരവും പൈതൃകവും നഷ്ടപ്പെടുത്തി വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭൂമിയെയും അന്നത്തേയും മകളെയും സംരക്ഷിക്കാൻ ഇത്തരം ദുഷ്ടശക്തികളെ വേരോടെ പിഴുതെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു . ഝാർഖണ്ഡിൽ നടന്ന ബിജെപിയുടെ പരിവർത്തൻ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഝാർഖണ്ഡ് സഖ്യ സർക്കാർ വിവികശൂന്യമായാണ് പ്രവർത്തിക്കുന്നത്. എക്‌സൈസ് കോൺസ്റ്റബിൾമാരുടെ റിക്രൂട്ട്‌മെൻ്റ് ഡ്രൈവിനിടെ നിരവധി ഉദ്യോഗാർത്ഥികൾ മരിക്കാനിടയായ സംഭവം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
സമാപന സമ്മേളനത്തിനായി ഝാർഖണ്ഡിലെത്തിയ മോദി തുറന്ന വാഹനത്തിൽ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയും ആദിവാസി സമൂഹവുമായി ഇടപഴകുകയും ചെയ്തു. പരിവർത്തൻ യാത്രയുടെ ഭാഗമായി ശേഖരിച്ച മണ്ണ് നിറച്ച കലശം സ്ത്രീകൾ അദ്ദേഹത്തിന് സമ്മാനിച്ചു. സെപ്റ്റംബർ 20 ന് ഷഹിബ്ഗഞ്ചിൽ വച്ച് നടന്ന സമ്മേളനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരിവർത്തൻ യാത്ര ഉദ്‌ഘാടനം ചെയ്തത്.81 നിയമസഭാ മണ്ഡലങ്ങളിലായി ഏകദേശം 5,400 കിലോ മീറ്റർ പിന്നിട്ട പരിവർത്തൻ യാത്രയ്‌ക്കാണ് ഇന്ന് സമാപനമായത്.















