മനാഫിനെതിരെ അർജുന്റെ കുടുംബം വാർത്താസമ്മേളനം നടത്തുമ്പോൾ 10,000 സബ്സ്ക്രൈബേഴ്സായിരുന്നു മനാഫിന്റെ യൂട്യൂബ് ചാനലിൽ ഉണ്ടായിരുന്നത്. വൈകാരികത വിറ്റ് കുത്തിനോവിച്ച മനാഫിനെതിരെ അർജുന്റെ കുടുംബം ശബ്ദമുയർത്തിയതോടെ സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം താഴോട്ടല്ല മേലോട്ടാണ് കുതിച്ചത്. ആദ്യം ഉണ്ടായിരുന്നതിനേക്കാൾ ആറിരട്ടി സബ്സ്ക്രൈബേഴ്സിനെ മനാഫിന് ലഭിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 50 ലക്ഷം കടന്നിരുന്നു.
മനാഫിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്ത വിവരം ഓരോ യൂസേഴ്സും ഫെയ്സ്ബുക്കിൽ പങ്കുവച്ച്, ക്യാമ്പയിന് സമാനമായ നീക്കമായിരുന്നു നടത്തിയത്. ഒരുവിഭാഗമാളുകളുടെ സംഘടിത നീക്കം ശക്തമായതോടെ മറുവശത്ത് അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണവും ശക്തമായി. അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോക്ക് താഴെ വിമർശനങ്ങളേക്കാളുപരി വ്യക്തിപരമായ അധിക്ഷേപം നടത്തിയാണ് മനാഫ് ഫാൻസിൽ ചിലർ ആശ്വാസം കണ്ടെത്തിയത്. ജിതിനെതിരെയും അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്കെതിരെയും മോശം കമന്റുകൾ എഴുതി ഒരുകൂട്ടം മനാഫ്-ഫാൻസ് ആത്മനിർവൃതി നേടി.
ആരുപറയുന്നതാണ് ശരി അല്ലെങ്കിൽ തെറ്റ് എന്നതിനേക്കാളുപരി തീർത്തും വൈകാരികമായ സാഹചര്യത്തിൽ പെരുമാറേണ്ടത് എപ്രകാരമാണെന്ന കാര്യം മലയാളികൾ സൗകര്യപൂർവം മറന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ് പുതിയ വിവാദം. ലൈക്കുകളുടെയും ഷെയറുകളുടെയും പിറകെ പോകുന്ന തിരക്കിനിടയിൽ നഷ്ടങ്ങൾ പേറി ജീവിക്കുന്നവരെ ചവിട്ടി മെതിക്കാതിരിക്കാനുള്ള കാരുണ്യം നാം കാണിക്കേണ്ടതുണ്ടെന്നാണ് വിവാദങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന്റെ വിലയിരുത്തൽ.