ന്യൂയോർക്ക്: ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തെക്കുറിച്ച് ജി7 നേതാക്കളുമായി ചർച്ചകൾ നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് അമേരിക്കയുടെ പ്രതിബദ്ധത അതിശക്തമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്.
” ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ കുറിച്ച് ചർച്ചകൾ ചെയ്യുന്നതിനും, ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജി7 രാജ്യങ്ങളുമായി സംസാരിച്ചു. ഏത് രീതിയിലുള്ള ഉപരോധം ഏർപ്പെടുത്തുമെന്നത് ഉടൻ പ്രഖ്യാപിക്കും. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശങ്ങളെ പിന്തുണയ്‌ക്കുന്നു. ഇറാന്റെ ആക്രമണങ്ങൾക്ക് മറുപടി നൽകണം. ഇസ്രായേലിന് സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങൾ ഉറച്ച പ്രതിബദ്ധത പുലർത്തുമെന്നും” ബൈഡൻ വ്യക്തമാക്കി. ആക്രമണത്തെ ജി7 നേതാക്കൾ അപലപിച്ചതായി വൈറ്റ്ഹൗസ് വക്താവും അറിയിച്ചിട്ടുണ്ട്.
ഇസ്രായേലിലെ പുതുവർഷ ആഘോഷദിനമായ റോഷ് ഹഷാന ദിന ആശംസകളും ബൈഡൻ ജനങ്ങൾക്ക് കൈമാറി. പുതിയ വർഷം ശുഭപ്രതീക്ഷകളാൽ ഉയരട്ടെ എന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ആശംസിച്ചത്. ” ഇന്ന് അമേരിക്കയിലേയും ഇസ്രായേലിലേയും ദശലക്ഷക്കണക്കിന് ആളുകൾ റോഷ് ഹഷാന ദിനം ആഘോഷിക്കുകയാണ്. ഈ വർഷം ഈ ദിനം വലിയ നഷ്ടങ്ങളുടേയും സംഘർഷങ്ങളുടേയും ഇടയിലാണ് വരുന്നത്. എങ്കിലും ഈ പുതിയ വർഷം പുതിയ പ്രതീക്ഷകളാൽ ഉയർത്തെഴുന്നേൽപ്പിനുള്ളതാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും” ബൈഡൻ പറഞ്ഞു.
ബന്ദികളാക്കപ്പെട്ടവർ തങ്ങളോടൊപ്പം ഇല്ലാതെ ഈ ദിനം അപൂർണ്ണമാണെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ചീഫ് ഓഫ് ജനറൽ ഹെർസി ഹലേവി പറഞ്ഞത്. ഗാസ മുനമ്പിലും, ലെബനൻ, ജൂഡിയ തുടങ്ങീ അതിർത്തി മേഖലകളിലെല്ലാം ഇസ്രായേൽ പ്രതിരോധ സേന ഈ അവധി ദിനം ആഘോഷിക്കുമെന്നും, ഗാസയിൽ ബന്ദികളാക്കപ്പെട്ടവരെ എത്രയും വേഗം തിരികെ എത്തിക്കുമെന്നും ഹെർസി ഹലേവി പറഞ്ഞു.