മുംബൈ ; മുംബൈയിലെ പ്രശസ്തമായ ഹാജി അലി ജ്യൂസ് സെൻ്ററിന്റെ പേരും വ്യാപാരമുദ്രയും ലോഗോയും ഉപയോഗിക്കുന്നതിൽ നിന്ന് കൊച്ചിയിലെ അഞ്ച് ജ്യൂസ് സെൻ്റർ ഔട്ട്‌ലെറ്റുകളെ വിലക്കി ബോംബെ ഹൈക്കോടതി . മുംബൈയിലെ ഹാജി അലി ജ്യൂസ് സെൻ്റർ സ്ഥാപകന്റെ മകൾ അസ്മ ഫരീദ് നൂറാനി നൽകിയ ഹർജിയിലാണ് വിധി .
കാലാവധി കഴിഞ്ഞ ട്രേഡ് മാർക്ക് ലൈസൻസ് ഉപയോഗിച്ചാണ് എറണാകുളം ജില്ലയിലെ ഹാജി അലി ജൂസ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജൂസ് സെന്ററിന്റെ ഉടമ അസ്മ നൂറാനി നേരത്തെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി റിസീവറെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഹാജി അലി ജ്യൂസ് സെൻ്ററിന്റെ ലോഗോ ചുവന്ന ആപ്പിളാണ്. ഫ്രാഞ്ചൈസി കരാറുകളുടെ കാലാവധി കഴിഞ്ഞിട്ടും തന്റെ അനുമതിയില്ലാതെ കൊച്ചി ഔട്ട്‌ലെറ്റുകൾ ഹാജി അലി വ്യാപാരമുദ്ര ഉപയോഗിക്കുന്നത് തുടരുകയാണെന്ന് അസ്മ നൂറാനി കോടതിയിൽ വ്യക്തമാക്കിയിരുന്നു. അസ്മ നൂറാനിയുടെ ഈ വാദത്തെ തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
1970 കളിൽ മുംബൈയിൽ പ്രവർത്തനം ആരംഭിച്ച ഹാജി അലി ജ്യൂസ് സെൻ്റർ, പിതാവും ജ്യൂസ് സെൻ്റർ സ്ഥാപകനുമായ ഫരീദ് അബ്ദുൽ ലത്തീഫ് നൂറാനിയുടെ മരണശേഷം 2019 മുതൽ അസ്മ ഫരീദ് നൂറാനിയുടെ ഉടമസ്ഥതയിലായിരുന്നു . നേരത്തെ 2018-ൽ ആൾട്ടിയസ് ലൈഫ്‌സ്റ്റൈൽ ബ്രാൻഡ്‌സ് എൽഎൽപി (മാസ്റ്റർ ഫ്രാഞ്ചൈസി) യുമായി ഒരു ഫ്രാഞ്ചൈസി കരാർ ഒപ്പുവെച്ചിരുന്നു.
കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നിവയുൾപ്പെടെ ഒന്നിലധികം സംസ്ഥാനങ്ങളിൽ ഹാലി അലി ജ്യൂസ് സെൻ്ററുകൾ പ്രവർത്തിപ്പിക്കാൻ കരാറിന് കീഴിലുള്ള മാസ്റ്റർ ഫ്രാഞ്ചൈസി കരാർ വിവിധ കടക്കാരെ അനുവദിച്ചതായാണ് റിപ്പോർട്ട് . തുടർന്നാണ് 2021-ൽ ഇടപ്പള്ളിയിൽ ഒരു സബ് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റ് ആരംഭിച്ചത്.ഫ്രാഞ്ചൈസികൾ തങ്ങളുടെ കരാറുകളുടെ നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അസ്മ നൂറാനി 2022-ൽ ഫ്രാഞ്ചൈസി കരാറുകൾ റദ്ദാക്കിയിരുന്നു.