തിരുവനന്തപുരം; പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ നിലവിലെ അന്വേഷണ റിപ്പോർട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ റിപ്പോർട്ടിൽ പറഞ്ഞിട്ടുളള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ച വിവരം അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മൂന്ന് തീരുമാനങ്ങളാണ് മന്ത്രിസഭ കൈക്കൊണ്ടത്. പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിട്ടുളള കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേശ് ഐപിഎസ് ന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് ഇത് അന്വേഷിക്കുക.
പൂരവുമായി ബന്ധപ്പെട്ട ചുമതലകൾ നൽകിയിരുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെയും ചുമതലപ്പെടുത്തി. എഡിജിപിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി ഡിജിപി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് പരിശോധിച്ച് വിശദമായി റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
പൂരം നടന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലായിരുന്നു. അവസാന ഘട്ടത്തിലാണ് ചില വിഷയങ്ങൾ ഉണ്ടാകുന്നത്. അതുമായി ബന്ധപ്പെട്ട് പൂരം അലങ്കോലപ്പെടുത്താൻ ശ്രമം ഉണ്ടായി എന്നത് ഗൗരവത്തോടെയാണ് സർക്കാർ കണ്ടത്. അങ്ങനെയാണ് ക്രമസമാധാന ചുമതലയുളള എഡിജിപിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെപ്തംബർ 23 നാണ് സംസ്ഥാന പൊലീസ് മേധാവി അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. 24 ന് റിപ്പോർട്ട് തനിക്ക് ലഭിച്ചു. സമഗ്ര അന്വേഷണ റിപ്പോർട്ടായി കരുതാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പല തരത്തിലുളള നിയന്ത്രണങ്ങൾ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അവിടെ ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം അട്ടിമറിക്കാനുളള ശ്രമങ്ങൾ അവിടെ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതായിട്ടാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമപരമായി അനുവദിക്കാൻ കഴിയാത്തതെന്ന് ബോധ്യമുളള ആവശ്യങ്ങൾ ഉന്നയിക്കുക അതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിയിൽ കുറ്റമറ്റ രീതിയിൽ പൂരം നടത്താൻ സംവിധാനമൊരുക്കുകയെന്നത് അനിവാര്യമായ കാര്യമാണെന്നും അതിനാണ് സർക്കാരിന്റെ നടപടിയെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.