രാജകുമാരി: പ്രിയ ഭക്ഷണമായ അരി ഉപേക്ഷിച്ച് ചിന്നക്കനാലിൽ നിന്നും നാടുകടത്തിയ അരിക്കൊമ്പൻ. ഇപ്പോൾ കൂടുതലും പുല്ലും ഇലയുമാണ് കൊമ്പൻ ഭക്ഷിക്കുന്നതെന്ന് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ആളിപ്പോൾ വളരെ ശാന്തനാണെന്നും പഴയതുപോലെ അക്രമ സ്വഭാവമൊന്നുമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
7 പേരെ കൊല്ലുകയും 60 ലേറെ വീടുകൾ തകർക്കുകയും ചെയ്ത അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയാണ് ചിന്നക്കനാലിൽ നിന്നും മാറ്റിയത്. ആദ്യം പെരിയാർ ടൈഗർ റിസർവിലും പിന്നീട് ഇവിടെ നിന്നും തിരുനെൽവേലി മുണ്ടെൻതുറൈ വന്യജീവി സങ്കേതത്തിലേക്കും മാറ്റുകയായിരുന്നു. ചിന്നക്കനാൽ പ്രദേശത്തെ റേഷൻ കടകൾ തകർത്ത് അരി ചാക്കുകളോടെ അകത്താക്കുന്ന അവന്റെ ശീലത്തിന് പ്രദേശവാസികൾ ചാർത്തി നൽകിയ പേരാണ് അരിക്കൊമ്പൻ.
എന്നാൽ വീടും റേഷൻ കടകളും ഏലം സ്റ്റോറുമൊക്കെയായി 180 ലേറെ കെട്ടിടങ്ങൾ തകർത്തതോടെയാണ് നാട്ടുകാർ അരിക്കൊമ്പനെതിരെ പ്രതിഷേധമുയർത്തിയത്. തുടർന്ന് സർക്കാർ മയക്കുവെടി വെയ്‌ക്കാൻ ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 29 നാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. 5 തവണ മയക്കുവെടിവച്ചാണ് റേഡിയോ കോളർ ഘടിപ്പിച്ച് നാടുകടത്തിയത്. എന്നാൽ പിന്നീടങ്ങോട്ട് മൃഗസ്നേഹികളടക്കം അരിക്കൊമ്പനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്തിരുന്നു. അരിക്കൊമ്പന് കേരളത്തിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.















