ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതി മുൻ കോൺഗ്രസ് പ്രവർത്തകനെന്ന് പൊലീസ്. ബുധനാഴ്ച തെക്കൻ ഡൽഹിയിൽ നടത്തിയ റെയ്ഡിൽ 5,600 കോടി രൂപ വിലമതിക്കുന്ന 500 കിലോയിലധികം കൊക്കെയ്‌നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും കണ്ടെടുത്തിരുന്നു. തുടർന്നാണ് മുഖ്യപ്രതി തുഷാർ ഗോയൽ അറസ്റ്റിലായത്.
2022 വരെ ഡൽഹി പ്രദേശ് കോൺഗ്രസിന്റെ വിവരാവകാശ (RTI) സെല്ലിന്റെ ചെയർമാനായി പ്രവർത്തിച്ചിരുന്നുവെന്ന് തുഷാർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്. “ഡിക്കി ഗോയൽ” എന്ന പേരിലുള്ള തുഷാറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ലോക്‌സഭാ എംപി ദീപേന്ദർ സിംഗ് ഹൂഡ, ഹരിയാന യൂണിറ്റ് മേധാവി ഉദയ് ഭാൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ കോൺഗ്രസ് നേതാക്കൾക്കൊപ്പമുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഭരത് കുമാർ ജെയിൻ ഡൽഹി സ്വദേശികളായ ഹിമാൻഷു കുമാർ, ഔറംഗസേബ് സിദ്ദിഖി, എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കടത്തിയ കൊക്കെയ്‌നും തായ്‌ലൻഡിലെ ഫുക്കെറ്റിൽ നിന്നും എത്തിച്ച മരിജുവാനയുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. അധികാരികളുടെ കണ്ണുവെട്ടിക്കാൻ സംഘം ക്രിപ്റ്റോകറൻസി ഉപയോഗിച്ചതായും സൂചനയുണ്ട്.















