കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷ് ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് റോഡിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്ത് തൂങ്ങി നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് അനീഷിനും മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശനുമെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. രമേശിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതിനുശേഷം അനീഷ് ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇരുവരും.
കുട്ടിയെ അവശനായിക്കണ്ട് കൂട്ടുകാർ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞദിവസം വീണ്ടും ഈ കുട്ടിയെ രമേശനും അനീഷും ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തി. വിവരമറിഞ്ഞെത്തിയ നാട്ടുകാർ രമേശനെ പിടികൂടിയെങ്കിലും അനീഷ് കടന്നുകളയുകയായിരുന്നു. ഒരു സിപിഎം സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്.















