മുംബൈ: തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനത്തിൽ എൻടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് താരങ്ങൾ. നടന്മാരായ ജൂനിയർ എൻടിആർ, അല്ലു അർജുൻ, ചിരഞ്ജീവി എന്നിവരാണ് വിമർശനവുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയായിരുന്നു താരങ്ങളുടെ വിമർശനം. സിനിമാ താരങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിടരുതെന്ന് താരങ്ങൾ വ്യക്തമാക്കി.
തെലങ്കാന മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളിൽ കടുത്ത വിഷമമുണ്ടെന്നും ഉയർന്ന പദവിയിലിരിക്കുന്നവർ സമൂഹത്തിന് മാതൃകയാവുകയാണ് ചെയ്യേണ്ടതെന്നും ചിരഞ്ജീവി എക്സിൽ കുറിച്ചു. രാഷ്‌ട്രീയമായി ഒരു ബന്ധവുമില്ലാത്തവരെ എന്തിനാണ് തങ്ങളുടെ വിജയത്തിന് വേണ്ടി ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. താരങ്ങൾക്കെതിരെയുള്ള ഇത്തരം പരാമർശങ്ങൾ ലജ്ജാവഹമാണ്. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി തന്നെ നിൽക്കും. അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തി രാഷ്‌ട്രീയ നേതാക്കൾ സ്വയം തരംതാഴരുതെന്നും ചിരഞ്ജീവി എക്സിൽ കുറിച്ചു.
രാഷ്‌ട്രീയക്കാരും ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്നവരും സമൂഹത്തിന് മാതൃക ആകേണ്ടവരാണ്. എന്നാൽ അത്തരക്കാർ തന്നെ മോശം പരാമർശങ്ങൾ നടത്തുന്നത് അപമാനകരമാണ്. അന്തസിനെയും സ്വകാര്യതയെയും മാനിക്കാൻ പഠിക്കണം. അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തരുത്. താരങ്ങളുടെ വ്യക്തിജീവിതത്തെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിടരുതെന്നും ജൂനിയർ എൻടിആർ വ്യക്തമാക്കി.
സെലിബ്രിറ്റികളെ കുറിച്ച് അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുന്നത് അന്യായമാണെന്നാണ് അല്ലു അർജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നാനി, ഖുശ്ബു സുന്ദർ, സംവിധായകൻ ശ്രീകാന്ത് ഒഡേല എന്നിവരും മന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തി.
പരാമർശം വിവാദമായതോടെ കൊണ്ട സുരേഖ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ കെടിആർ വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ക്ഷമാപണം.