കോഴിക്കോട്: അർജുന്റെ കുടുംബം ഉയർത്തിയ ആരോപണങ്ങളിൽ മറുപടി നൽകി മനാഫ്. മാദ്ധ്യമങ്ങൾക്ക് മുന്നിലേക്ക് കുടുംബ സമേതം എത്തിയായിരുന്നു മനാഫ് പ്രതികരണം നടത്തിയത്. ലോറിയുടെ ആർസി ഉടമ മുബീനും (മനാഫിന്റെ സഹോദരൻ) വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് പറഞ്ഞ മനാഫ്, അർജുന്റെ കുടുംബത്തിനെതിരായ സൈബറാക്രമണം നിർത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. താൻ യൂട്യൂബ് ചാനൽ തുടങ്ങിയതിനെക്കുറിച്ചുള്ള വിശദീകരണവും മനാഫ് നൽകി
“രക്ഷാപ്രവർത്തനം പലപ്പോഴും നിന്നുപോയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർ അവിടെ ഇല്ലാത്ത സമയത്ത് പല കാര്യങ്ങളും അപ്ഡേറ്റെയ്യാൻ യൂട്യൂബ് ചാനൽ തുടങ്ങൂവെന്ന് മാദ്ധ്യമപ്രവർത്തകർ തന്നെയാണ് എന്നോട് പറഞ്ഞത്. മറ്റൊരു കാര്യം, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പെട്ടെന്ന് അറിയിക്കാൻ ഒരു യൂട്യൂബ് ചാനൽ ഗുണം ചെയ്യുമെന്ന് കരുതി. ലോറി ഉടമ മനാഫ് എന്ന് പേരിട്ടത് ആളുകൾക്ക് പെട്ടെന്ന് മനസിലാകാൻ വേണ്ടിയാണ്. ലൈവിടാൻ പഠിപ്പിച്ച് നൽകിയത് മാദ്ധ്യമപ്രവർത്തകരാണ്. ഷിരൂരിൽ വച്ച് ആരോടെങ്കിലും സംസാരിക്കുമ്പോൾ കുറച്ച് ആശ്വാസം തോന്നിയിരുന്നു, അതിനായി യൂട്യൂബ് ചാനൽ ഉപയോഗിച്ചു. യൂട്യൂബിൽ നിന്ന് പൈസ കിട്ടണമെങ്കിൽ മോണിറ്റൈസ് ചെയ്യണം. അതുപോലും ഇതുവരെ ചെയ്തിട്ടില്ല. ചാനൽ ഇപ്പോൾ രണ്ടരലക്ഷവും കടന്ന് പോയി. ജനങ്ങൾ ഇത് മറ്റൊരു ലെവലിലേക്ക് കൊണ്ടുപോവുകയാണ്. എന്തായാലും പുതിയ വാഹനത്തിന് അർജുന്റെ പേര് ഇടുന്നില്ല. അർജുന്റെ കുടുംബത്തെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണ്“- മനാഫ് പ്രതികരിച്ചു.















