മാധവ് സുരേഷിന്റെ അരങ്ങേറ്റ സിനിമ കുമ്മാട്ടിക്കളി ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. റിലീസ് ചെയ്ത ആദ്യ ദിനങ്ങളിൽ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മാധവിന്റെ ആക്ഷൻ രംഗങ്ങളും റൊമാന്റിക് സീനുകളും എടുത്തുപറഞ്ഞുകൊണ്ടാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.
കുടുംബത്തോടൊപ്പം ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് കുമ്മാട്ടിക്കളിയെന്നും മാധവ് സുരേഷിന്റെ പ്രകടനം ഞെട്ടിച്ചെന്നും പ്രേക്ഷകർ പറയുന്നു. മാധവ് നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്. റൊമാന്റിക് സീനുകളൊക്കെ ഭയങ്കര രസമായിട്ടാണ് ചെയ്തിരിക്കുന്നത്. എല്ലാ താരങ്ങളുടെയും അഭിനയം നന്നായിരുന്നു. യഥാർത്ഥ സംഭവമാണ് ചിത്രം പറയുന്നത്. അതുകൊണ്ട് തന്നെ കണ്ടിരിക്കാൻ വലിയ രസമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
ലെനയുടെ പ്രകടനത്തെ കുറിച്ചും പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്. കുമ്മാട്ടിക്കളിയിലെ മാധവന്റെ ആക്ഷൻ സീനുകളെ കുറിച്ചാണ് സിനിമാസ്വാദകർ കൂടുതലും പങ്കുവക്കുന്നത്. പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കാണാൻ മാധവ് സുരേഷും തിയേറ്ററിലെത്തിയിരുന്നു.
രണ്ട് വർഷത്തെ തങ്ങളുടെ പ്രയത്നമാണിതെന്നും പ്രേക്ഷകർ സ്വീകരിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മാധവ് സുരേഷ് പ്രതികരിച്ചു. പ്രേക്ഷകർ സിനിമ കണ്ട് അഭിപ്രായം പറയട്ടെ. അവരാണ് ഇനി സിനിമയെ കുറിച്ച് പറയേണ്ടത്. ഫുൾ സിനിമയായിട്ട് ഞാനും ആദ്യമായാണ് കുമ്മാട്ടിക്കളി കാണുന്നത്. അതും പ്രേക്ഷകരുടെ ഒപ്പമിരുന്ന് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ഒരുപാട് ആളുകൾ കണ്ടുകഴിയുമ്പോൾ ചിത്രത്തെ കുറിച്ച് ഒരു അഭിപ്രായം വരും. അതുവരെ കാത്തിരിക്കണം. രണ്ട് ദിവസം കഴിയുമ്പോൾ സിനിമയെ കുറിച്ച് വിലയിരുത്താനാകും. ഇപ്പോൾ പ്രേക്ഷകർ കാണട്ടെയെന്ന് മാത്രമാണ് പറയാനുള്ളതെന്ന് മാധവ് സുരേഷ് പറഞ്ഞു. പുതിയ സിനിമയെ കുറിച്ചും താരം പങ്കുവച്ചു. ‘അങ്കം അട്ടഹാസം’ എന്നാണ് പുതിയ സിനിമയുടെ പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കുമെന്നും മാധവ് സുരേഷ് പറഞ്ഞു.