ന്യൂഡൽഹി: തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനത്തിൽ കെടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. കോൺഗ്രസ് നേതാക്കളുടെ സ്ത്രീവിരുദ്ധ ചിന്താഗതികൾ അവസാനിപ്പിക്കണമെന്ന് അശ്വിനി വൈഷ്ണവ് എക്സിലൂടെ ചൂണ്ടിക്കാട്ടി.
സിനിമാ മേഖലയിലെ പ്രമുഖ താരങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് തെലങ്കാന മന്ത്രിയുടെ പ്രസ്താവനകൾ. ഇത് കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ നിലപാടിനെയാണ് എടുത്തുകാണിക്കുന്നത്. നമ്മുടെ സമൂഹത്തിൽ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് ഒരു സ്ഥാനവുമില്ല. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മൗനം ഈ പരാമർശങ്ങൾ അംഗീകരിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നതെന്നും അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചു.
മുൻ മന്ത്രിയും ബിആർഎസ് നേതാവുമായ കെടി രാമറാവുവിനെതിരെ കടുത്ത വിമർശനങ്ങളാണ് കൊണ്ട സുരേഖ ഉന്നയിച്ചത്. കെടിആർ അഭിനേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്നും സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്നും സുരേഖ ആരോപിച്ചു. ഈ പരാമർശങ്ങളാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചത്. ഇതിന് പിന്നാലെ കൊണ്ട സുരേഖക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ചിരഞ്ജീവി, ജൂനിയർ എൻടിആർ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി.
പരാമർശം വിവാദമായതോടെ കൊണ്ട സുരേഖ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. വിവാദ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ കെടിആർ വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ക്ഷമാപണം.















