കോഴിക്കോട്: കുടുംബത്തിനെതിരെ ശക്തമായ സൈബറാക്രമണം നടക്കുന്നുണ്ടെന്ന ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സൈബറാക്രമണം നടത്തിയ സോഷ്യൽമീഡിയ പേജുകൾ പരിശോധിച്ച ശേഷമായിരിക്കും പൊലീസ് തുടർ നടപടികളിലേക്ക് കടക്കുക. സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
സൈബർ ആക്രമണങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വർഗീയ അധിക്ഷേപം നടക്കുന്നുവെന്നായിരുന്നു പരാതി. അർജുന്റെ സഹോദരി അഞ്ജുവാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
അർജുന്റെ വേർപാടിനെ തുടർന്ന് ഭാര്യ കൃഷ്ണപ്രിയ ജോലിക്ക് പോയി തുടങ്ങിയത് മുതൽ അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണം ആരംഭിച്ചിരുന്നു. അർജുന്റെ സഹോദരീ ഭർത്താവ് ജിതിനെതിരെയും വലിയ രീതിയിലുള്ള അധിക്ഷേപമാണ് സൈബറിടങ്ങളിൽ ഉണ്ടായത്. ഇത് സഹിക്കവയ്യാതെ കുടുംബം വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ മനാഫും മാദ്ധ്യമങ്ങളെ കണ്ടു. പിന്നീട് മനാഫ് ഉന്നയിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സൈബറാക്രമണം. ഇതിന് പിന്നാലെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.















