ലണ്ടൻ: ചാഗോസ് ദ്വീപ സമൂഹത്തിന്മേലുള്ള മൗറീഷ്യസിന്റെ പരമാധികാരം തിരികെ നൽകാനുള്ള ബ്രിട്ടന്റെ തീരുമാനം സ്വാഗതം ചെയ്ത് ഇന്ത്യ. തീരുമാനം കോളനിവൽക്കരണത്തിൽ നിന്നുള്ള പൂർണമായ മോചനമാണെന്ന് അഭിപ്രായപ്പെട്ട ഇന്ത്യ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന് ശക്തമായ പിന്തുണ അറിയിച്ചു.
ദീർഘകാലമായി നിലനിൽക്കുന്ന ചാഗോസ് തർക്കം രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷം അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസൃതമായി പരിഹരിക്കപ്പെട്ടത് സ്വാഗതാർഹമായ കാര്യമാണ്. ദ്വീപുകളുടെ മേലുള്ള മൗറീഷ്യസിന്റെ പരമാധികാര അവകാശവാദത്തെ ഇന്ത്യ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യുകെയും മൗറീഷ്യസും അടുത്തിടെ ഒരു ചരിത്രപരമായ കരാർ പ്രഖ്യാപിച്ചിരുന്നു. ഡീഗോ ഗാർഷ്യയിൽ യുകെ-യുഎസ് സംയുക്ത സൈനിക താവളം നിലനിർത്തിക്കൊണ്ട് ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് തിരികെ നൽകും. 99 വർഷത്തേക്കാണ് കരാർ. 2022 മുതൽ ചർച്ചകൾ നടക്കുന്ന ഈ ഒത്തുതീർപ്പ് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രദേശിക തർക്കം പരിഹരിക്കുകയും തന്ത്രപ്രധാനമായ സൈനിക താവളത്തിന്റെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സ്ഥിരത ഉറപ്പാക്കുന്ന നയതന്ത്ര വിജയമാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗനൗതും കരാറിനെ ഒരു സുപ്രധാന സന്ദർഭമായി വിലയിരുത്തി. മൗറീഷ്യസിലെ ജനങ്ങൾ ഏറെക്കാലമായി കാത്തിരുന്ന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.















