തിരുവനന്തപുരം : സംസ്ഥാനത്തേക്ക് ലഹരി കടത്തുന്ന ശൃംഖലയിലെ മുഖ്യകണ്ണി മൂർഖൻ ഷാജി പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.
രാജ്യാന്തര മയക്കുമരുന്ന് ശൃഖലയിൽ പെട്ടയാളാണ് മൂർഖൻ ഷാജി. നേരത്തെ കോടികളുടെ ലഹരിമരുന്ന് കടത്തുകേസിൽ എക്സൈസ് ഇയാളെ പിടികൂടുകയും പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയുമായിരുന്നു. വൻതോതിൽ ലഹരി കടത്തിയ 4 കേസുകളാണ് സംസ്ഥാനത്ത് ഇയാൾക്കെതിരെ നിലവിലുള്ളത്. തൂത്തുക്കുടി വഴി ലഹരി കടത്തിയതുമായി ബന്ധപ്പെട്ട് നാർക്കോട്ടിക് ബ്യുറോയുടെ അടക്കം അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മൂർഖൻ ഷാജി പിടിയിലാകുന്നത്.,
ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. എക്സൈസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. പലതവണ എക്സൈസ് ഇയാളെ പിടികൂടാനായി വലവിരിച്ചെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. തമിഴ്‌നാട്ടിൽ വച്ച് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ഇപ്പോൾ പ്രതിയെ പിടികൂടിയിരിക്കുന്നത്. ഇയാളെ വൈകീട്ട് തിരുവനന്തപുരത്തേക്ക് എത്തിക്കും.















