ന്യൂഡൽഹി: കോൺഗ്രസ് രാജ്യത്തെ യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് നയിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ അടുത്തിടെ നടന്ന 5000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയിലെ കോൺഗ്രസ് ബന്ധം പുറത്തുവന്നതിനു പിന്നാലെയാണ് അമിത്ഷായുടെ വിമർശനം.
മോദി സർക്കാർ മയക്കുമരുന്നിനോടുള്ള ‘സീറോ ടോളറൻസ്’ നയത്തിൽ പ്രതിജ്ഞാബദ്ധമാണെന്നും വിദ്യാഭ്യാസം, കായികം, നവീനത എന്നിവയിലേക്ക് യുവാക്കളെ നയിക്കാൻ ശ്രമിക്കുമ്പോൾ, കോൺഗ്രസ് തങ്ങളുടെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുകയാണെന്ന് അമിത് ഷാ പറഞ്ഞു.
‘മയക്കുമരുന്ന് രഹിത ഇന്ത്യ’ക്കായി മോദി സർക്കാർ സീറോ ടോളറൻസ് നയം സ്വീകരിക്കുമ്പോൾ, ഡൽഹിയിൽ നിന്ന് പിടിച്ചെടുത്ത 5,600 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരത്തിൽ ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ പങ്കാളിത്തം അങ്ങേയറ്റം അപകടകരവും ലജ്ജാകരവുമാണ്, ”അമിത് ഷാ എക്‌സിൽ കുറിച്ചു.
കോൺഗ്രസ് ഭരണകാലത്ത് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ യുവാക്കളിൽ മയക്കുമരുന്നിന്റെ സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളെ കായികം, വിദ്യാഭ്യാസം, നവീനത എന്നിവയിലേക്ക് നയിക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി. യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് തിരിച്ചുകൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബുധനാഴ്ച തെക്കൻ ഡൽഹിയിൽ നടത്തിയ റെയ്ഡിൽ 5,600 കോടി രൂപ വിലമതിക്കുന്ന 500 കിലോയിലധികം കൊക്കെയ്‌നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി തുഷാർ ഗോയലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഡൽഹി വിഭാഗത്തിന്റെ വിവരാവകാശ സെല്ലിന്റെ ചെയർമാനാണ് ഇയാളെന്നുള്ള വിവരം ചോദ്യം ചെയ്യലിൽ പുറത്തുവന്നിരുന്നു.















