മലപ്പുറം: ഫോൺ ചോർത്തിയ സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും മറിച്ച്, ഫോൺ ചോർത്തിയെന്ന് പറഞ്ഞതിനാണ് കേസെടുത്തിരിക്കുന്നതെന്നും അൻവർ. താൻ കുത്തുന്നത് കൊമ്പനോടാണെന്നും എന്നാൽ തന്നെ വളഞ്ഞിട്ട് കുത്തുന്നത്, കുങ്കിയാനകളാണെന്നും അൻവർ പരിഹസിച്ചു. സിപിഐ-സിപിഎം നേതാക്കളുടെ വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു അൻവർ.
“എനിക്കെതിരെ ഇനിയും കേസുകൾ വന്നുകൊണ്ടേയിരിക്കും. ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കും. എൽഎൽബി പഠിക്കാൻ പറ്റുമോ എന്നാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല. സഭയിൽ എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച കാര്യം നിയമവിദഗ്ധരുമായി സംസാരിച്ച് തീരുമാനിക്കും. സീറ്റില്ലെങ്കിൽ നിലത്തിരിക്കും.
ഭരണപക്ഷത്ത് നിന്ന് ഞാൻ പ്രതിപക്ഷത്തേക്ക് എത്തിയതിന്റെ എല്ലാ ഉത്തരവാദിത്തവും എൽഡിഎഫിനുള്ളതാണ്. എന്നെ പ്രതിപക്ഷമാക്കാൻ സിപിഎമ്മിന് വ്യഗ്രതയായിരുന്നു. എന്നെ കുറ്റവാളിയാക്കി ജയിലിലടക്കാനാണ് സിപിഎമ്മിന്റെ നീക്കം”.
പി ശശിയുടെ വക്കീൽ നോട്ടീസ് നേരിടും. അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഒരിഞ്ച് പോലും പിന്നോട്ടില്ല. കൊലവിളി മുദ്രാവാക്യം വിളിപ്പിക്കുന്നവർക്കെതിരെയല്ല, അത് എഴുതികൊടുത്ത് വിളിപ്പിക്കുന്നവരെയാണ് നേരിടാൻ പോകുന്നത്. എഡിജിപി അജിത് കുമാറിനെ ക്രമസമാധന ചുമതലയിൽ മാറ്റുമെന്ന് എനിക്കും അറിയാം. അയാളെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും അൻവർ പറഞ്ഞു.















