കോഴിക്കോട്: ലോറിയുടമ മനാഫ് തടിമില്ല് തട്ടിയെടുക്കാൻ ശ്രമിച്ചതായി കോഴിക്കോട് സ്വദേശിയുടെ പരാതി. കോഴിക്കോട് പൊക്കുന്ന് സ്വദേശി കെവി ശശീധരനാണ് മനാഫിനെതിരെ മുമ്പ് പരാതി നൽകിയത്. കള്ളക്കേസിലൂടെ രണ്ടരക്കോടി വിലമതിക്കുന്ന തടിമില്ല് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും ശശീധരൻ പറഞ്ഞു.
കല്ലായിപ്പുഴയോട് ചേര്‍ന്ന് 1999ൽ മുതൽ പ്രവര്‍ക്കുന്ന റാണി വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം തട്ടിയെടുക്കാന്‍ മനാഫ് ശ്രമിച്ചെന്നാണ് പരാതി. 2022 ൽ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് ശശീധരൻ തടിമില്ലിന്റെ നടത്തിപ്പ് മനാഫിന് നൽകിയത്. 11 മാസത്തേക്കായിരുന്നു കരാർ. കരാർ കാലാവധി അവസാനിക്കുന്നതിന് തൊട്ട് മുമ്പാണ് ശശീധരനും മകനും എതിരെ മനാഫ് പൊലീസിൽ പരാതി നൽകി. പാരമ്പര്യ സ്വത്താണെന്നും തന്റെ ഉപ്പാപ്പയ്‌ക്ക് വാക്കാൽ തടിമില്ലിന്റെ അവകാശം ലഭിച്ചുവെന്നുമാണ് എന്നാണ് മനാഫ് പരാതിയിൽ അവകാശപ്പെട്ടത്.
നീണ്ട നിയമ നടപടിക്ക് ഒടുവിൽ മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് ജില്ലാകോടതിയിൽ നിന്ന് ശശീധരന് അനുകൂലമായി വിധി വന്നു. ഇതോടെ മനാഫ് ഭീഷണിയുമായി രംഗത്തെത്തി. ഭർത്താവിനെയും മകനെയും അധികം കാണില്ലെന്നും കൊന്നുകളയും എന്ന് പറഞ്ഞ് ശശിധരന്റെ ഭാര്യയെ മനാഫ് ഭീഷണിപ്പെടുത്തി. നിലവിൽ ശശീധരനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ കേസില്‍ അന്വേഷണം തുടരുകയാണ്
തടിമില്ലിന്റെ അവകാശം സംബന്ധിച്ച യഥാർത്ഥ രേഖകൾ തങ്ങളുടെ കൈയ്യിലുണ്ടെന്ന് ശശീധരൻ പറഞ്ഞു. വാക്കാൽ സ്വത്ത് കൈമാറ്റം നടക്കുകയാണെങ്കിൽ പിന്നെ രജിസ്റ്റർ ഓഫീസ് എന്തിനാണെന്നും ശശീധരൻ ചോദിക്കുന്നു . എന്നാൽ മില്ലിന്റെ യഥാർത്ഥ ഉടമ താനാണെന്നും ശശീധരനാണ് തട്ടിപ്പിന് ശ്രമിക്കുന്നതെന്നും മനാഫ് പ്രതികരിച്ചു.















