ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്താൻ സന്ദർശിക്കും. ഇന്ത്യൻ പ്രതിനിധി സംഘത്തെ എസ് ജയശങ്കർ നയിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
” ഒക്ടോബർ 15, 16 തീയതികളിൽ ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നയിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പാകിസ്താൻ ക്ഷണം നൽകിയിരുന്നു.”- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഉച്ചകോടിക്ക് മുന്നോടിയായി മന്ത്രിതല യോഗവും SCO അംഗരാജ്യങ്ങൾ തമ്മിലുള്ള യോഗങ്ങളും നടക്കും. സാമ്പത്തികം, സാമൂഹികം-സാംസ്‌കാരികം, മാനുഷിക സഹകരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ നിരവധി യോഗങ്ങളും.
ഇന്ത്യ, ചൈന, റഷ്യ, പാകിസ്താൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമാവുന്നത്. ഏറ്റവും വലിയ ട്രാൻസ്-റീജിയണൽ ഇന്റർനാഷണൽ ഓർഗനൈസേഷനുകളിൽ ഒന്നായി ഉയർന്നു വരുന്ന സാമ്പത്തിക, സുരക്ഷാ കൂട്ടായ്മയാണിത്.
കഴിഞ്ഞ വർഷത്തെ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത് ഇന്ത്യയായിരുന്നു. വെർച്വലായാണ് ഉച്ചകോടി നടത്തിയത്. വീഡിയോ ലിങ്ക് വഴി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.