കാർബൺ രഹിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുവയ്പ്പ് കൂടി. അദാനി ഗ്രൂപ്പും ഗൂഗിളും സംയുക്തമായി ഇന്ത്യയിൽ പുത്തൻ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ പവർ ഗ്രിഡിന് കരുത്ത് പകരാൻ കൂടുതൽ ഊർജ്ജം ഉത്പാദിപ്പിക്കും, ഗൂഗിളിന്റെ ക്ലൗഡിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക തുടങ്ങിയവയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
ഗുജറാത്തിലെ അദാനിയുടെ ഖവ്ദ പ്ലാന്റാണ് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻ എനർജി പ്ലാൻ്റ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാൻ്റ് വരുന്ന വർഷം അവസാനത്തോടെ പ്രവർത്തനസജ്ജമാകുമെന്നാണ് വിലയിരുത്തൽ. 2030-ഓടെ ഗൂഗിളിന്റെ ക്ലൗഡ് സേവനങ്ങൾ പൂർണമായും പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉപയോഗിച്ചാകും പ്രവർത്തിക്കുകയെന്നും ഗൂഗിൾ അറിയിച്ചു.
പുനരുപയോഗ ഊർജ്ജ പദ്ധതികൾക്ക് പേരുകേട്ട അദാനി ഗ്രൂപ്പ് ഗുജറാത്തിലെ ഖവ്ദയിലാണ് പുനരുപയോഗ ഊർജ പാർക്ക് നിർമിക്കുന്നത്. 30 ജിഗാവാട്ട് ഉത്പാദനശേഷിയാണ് പ്ലാൻ്റിനുള്ളത്. ഇതിന് പുറമേ വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്ക് ഇഷ്‌ടാനുസരണം പുനരുപയോഗ ഊർജ്ജം നിർമിച്ച് നൽകുകയും ചെയ്യും.















