അഹമ്മദാബാദ്: ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വരുന്ന പത്ത് വർഷത്തിനകം രാജ്യത്തുടനീളം 75,000 മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് കേന്ദ്രസർക്കാർ. ആരോഗ്യമേഖലയിൽ സമഗ്രമായ പരിഷ്കാരങ്ങൾ വരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. അഹമ്മദാബാദിലെ അദലാജ് ഗ്രാമത്തിലുള്ള ഹീരാമണി ആരോഗ്യധാം ആശുപത്രി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സ്വച്ഛ് അഭിയാൻ ആരംഭിച്ചു. പല രോഗങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ശുചീകരണ യജ്ഞമായിരുന്നു അത്. അതിന് ശേഷം ഓരോ കുടുംബങ്ങളിലും കുടിവെള്ളമെത്തുന്നുണ്ടെന്നും ശുചിമുറികളുണ്ടെന്നും അദ്ദേഹം ഉറപ്പുവരുത്തി. ഇതും പല രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ജനങ്ങളെ സഹായിച്ചു. പിന്നീട് അദ്ദേഹം യോഗയെ ജനപ്രിയമാക്കി. ഇതിന് പിന്നാലെ അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയും മോദി നടപ്പിലാക്കി.
ആയുഷ്മാൻ ഭാരത് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജനങ്ങളിലേക്കെത്താൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും പുതിയ മെഡിക്കൽ കോളേജുകളും സ്ഥാപിച്ചു. 14 ഡിപ്പാർട്ട്മെന്റുകൾ അടങ്ങുന്നതായിരുന്നു ഓരോ മെഡിക്കൽ കോളേജുകളും. വരുന്ന പത്ത് വർഷത്തിനകം 75,000 മെഡിക്കൽ സീറ്റുകൾ കൂടി വർദ്ധിപ്പിക്കും.
സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാർമസി സ്റ്റോറുകളിലൂടെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ വിതരണം ചെയ്യാൻ തുടങ്ങിയതും സമഗ്ര പദ്ധതിയുടെ ഭാഗമായിരുന്നു. രാജ്യത്ത് 140 കോടി ജനങ്ങളുടെ ക്ഷേമത്തിനായി ഏകദേശം 40ഓളം വിവിധ പദ്ധതികളാണ് മോദി സർക്കാർ നടപ്പിലാക്കിയതെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.