കണ്ണൂർ: മൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാർക്ക് സസ്‌പെൻഷൻ. അങ്കണവാടി വർക്കറേയും ഹെൽപ്പറേയുമാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത്. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
സംഭവം രക്ഷിതാക്കളേയും മേലധികാരികളേയും അറിയിക്കുന്നതിൽ അങ്കണവാടി ജീവനക്കാർ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. കുട്ടിയ്‌ക്ക് വിദഗ്ധ ചികിത്സ നൽകാനും മന്ത്രി നിർദേശം നൽകി.
ഇന്നലെ ഉച്ചയോടെയാണ് അങ്കണവാടിയിൽ കുട്ടി വീണത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും അങ്കണവാടി ജീവനക്കാർ സ്വയം ചികിത്സ നൽകി കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. രാത്രിയോടെ മൂന്നര വയസുകാരന് ശക്തമായ പനി അനുഭവപ്പെടാൻ തുടങ്ങി. ഇതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമാണെന്നും ആന്തരിക രക്തസ്രാവമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.















