ന്യൂഡൽഹി: വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പാകിസ്താൻ സന്ദർശനം അപലപനീയമെങ്കിലും അത്ഭുതപ്പെടാനില്ലെന്ന് വിദേശകാര്യ മന്ത്രാലം. സാക്കിറിന്റെ പാകിസ്താൻ സന്ദർശനത്തിൽ ഇന്ത്യ നിരാശ അറിയിക്കുന്നു. എന്നാൽ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം പാകിസ്താൻ നൽകിയതിൽ ആശ്ചര്യപ്പെടാനില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
” സാക്കിർ നായക്കിനെ പാകിസ്താൻ എങ്ങനെ സ്വീകരിച്ചുവെന്ന് നാം കണ്ടതാണ്. വിവാദ പ്രഭാഷണങ്ങൾ നടത്തി ഇന്ത്യയിൽ നിന്നും പലായനം ചെയ്ത വ്യക്തിയാണ് സാക്കിർ നായിക്ക്. അദ്ദേഹത്തിന്റെ പാകിസ്താൻ സന്ദർശനത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും നിരാശ രേഖപ്പെടുത്തുന്നു. എന്നാൽ ഇന്ത്യയിൽ നിന്നും പലായനം ചെയ്ത പിടികിട്ടാപുള്ളിക്ക് പാകിസ്താൻ ഗംഭീര വരവേൽപ്പ് നൽകിയതിൽ അതിശയിക്കാൻ ഒന്നുമില്ല.”- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച പാകിസ്താനിലെത്തിയപ്പോഴാണ് സാക്കിർ നായിക്ക്, അനാഥ പെൺകുട്ടികൾ ഹറാമെന്ന് പറഞ്ഞ് വീണ്ടും വിവാദങ്ങൾ സൃഷ്ടിച്ചത്. അവരെ പെൺമക്കളായി കാണാനോ അവരുടെ അടുത്ത് നിൽക്കുന്നതിനോ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം പരിപാടിയിൽ നിന്നും ഇറങ്ങി പോവുകയും ചെയ്തു. ഇതിന് പിന്നാലെ സാക്കിറിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.















