തിരുവനന്തപുരം: അൻവറിന്റെ പരാതി തള്ളി സിപിഎം. എംഎൽഎയുടെ പരാതിയിൽ പരിശോധിക്കാൻ ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ ആരോപണത്തിലും പരാതിയലും യാതൊരു കഴമ്പുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ശശിയെ ബോധപൂർവം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണ് പരാതിയിലുണ്ടായിരുന്നത്. വസ്തുത ഇല്ലാത്ത കാര്യങ്ങൾ അൻവർ ആരോപിച്ചു. അൻവറിന് നിലവിൽ ആരുടെയും പിന്തുണയില്ല. വിഷയത്തിൽ കെടി ജലീൽ ഉയർത്തിയ നിലപാട് ശ്രദ്ധേയമാണെന്നും പാർട്ടി സെക്രട്ടറി ചൂണ്ടിക്കാട്ടി.
പി. ശശിക്കെതിരായ ആരോപണത്തിന് പിന്നാലെ അൻവർ കത്ത് പുറത്ത് വിട്ടിരുന്നു. ആ പരാതിയിൽ കാതലായി ഒരു പ്രശ്നവുമില്ലെന്ന് നേരത്തെ ബോധ്യപ്പെട്ടതാണ്. ശശിയെ ബോധപൂർവം അപമാനിക്കാൻ ആയിരുന്നു അൻവറിന്റെ ശ്രമം. റിയാസുമായി വലിയ അടുപ്പത്തിലിരുന്ന അൻവർ ഇപ്പോൾ റിയാസിനെ കുറ്റം പറയുകയാണ്. പാർട്ടിയിൽ ചർച്ചയില്ല, ഉൾപാർട്ടി ജനാധിപത്യമില്ല എന്നെല്ലാം പറയുന്നത് കള്ളമാണ്. ശശിക്കെതിരെ അൻവർ നൽകിയ പരാതിയിൽ ഒരു ഉള്ളടക്കവുമില്ല. അത് അന്വേഷിക്കേണ്ട കാര്യവുമില്ല.
പുതിയ പാർട്ടി ഉണ്ടാക്കുമെന്ന് അൻവർ പറയുന്നു. മലപ്പുറം ജില്ലാ സെക്രട്ടറി ആർഎസ്എസുകാരൻ ആണെന്ന് അൻവർ പറയുന്നു. നട്ടാൽ കുരുക്കാത്ത നുണയാണ് അൻവർ പറയുന്നത്. ഇതെല്ലാം ദുഷ്ടലാക്കോടു കൂടിയുള്ള വർഗീയ നിലപാടാണെന്നും പാർട്ടി സെക്രട്ടറി വിമർശിച്ചു.















