അബദ്ധത്തിൽ സ്വയം വെടിയുതിർത്തതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ഗോവിന്ദ ആശുപത്രി വിട്ടു. വൃത്തിയാക്കുന്നതിനിടെ തന്റെ കയ്യിലിരുന്ന തോക്ക് പൊട്ടുകയായിരുന്നുവെന്ന് താരം പറഞ്ഞു. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
”എല്ലാവരുടെയും സ്‌നേഹത്തിനും പ്രാർത്ഥനയ്‌ക്കും പിന്തുണയ്‌ക്കും ഞാൻ നന്ദി പറയുന്നു. ഭരണകൂടത്തിനും പോലീസിനും ബഹുമാനപ്പെട്ട ഷിൻഡെ ജിക്കും പ്രത്യേക നന്ദി. നിങ്ങളുടെ പ്രാർത്ഥനകൾ എന്നെ തുണച്ചു. നിങ്ങളുടെ സ്‌നേഹത്തിന് വളരെയധികം നന്ദി.”ഗോവിന്ദ പറഞ്ഞു.
മുറിവ് ആഴമേറിയതാണ്. ഒരു നിമിഷത്തേക്ക് താൻ ആകെ പകച്ചു പോയെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലായില്ലെന്നും ഗോവിന്ദ കൂട്ടിച്ചേർത്തു. ” നടന്നത് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു പടിപാടിക്കായി കൊൽക്കത്തയിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു. പുലർച്ചെ 5 മണിയോടെ തോക്കെടുത്ത് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്തു. എന്റെ കാലിൽ നിന്ന് ചോരപ്പുഴ ഒഴുകുന്നത് ഞാൻ കണ്ടു. തുടർന്ന് എല്ലാവരും ചേർന്ന് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു’ ‘. -ഗോവിന്ദ വിവരിച്ചു.
കഴിഞ്ഞ ദിവസമാണ് താരത്തിന് വെടിയേറ്റത്. 20 വർഷം പഴക്കമുള്ള തോക്കിന് ലോക്കില്ലായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കാലിൽ തറച്ച 9MM ബുള്ളറ്റ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.