ന്യൂഡൽഹി: ഡെലിവറികൾ സുഗമമാക്കാനൊരുങ്ങി ആമസോൺ. രാജ്യത്തെ എല്ലാ പിൻകോഡുകളിലേക്കും ഡെലിവറി സാധ്യമാക്കുന്നതിനായി തപാൽ വകുപ്പുമായി ആമസോൺ ഇന്ത്യ ധാരണപത്രത്തിൽ ഒപ്പുവച്ചു. മറ്റ് ഇ-കൊമേഴ്സ് കമ്പനികൾക്ക് എത്തിച്ചേരാൻ സാധിക്കാത്ത പ്രദേശങ്ങളിലടക്കം ഡെലിവറി നടത്തുകയാണ് പുതിയ കരാർ വഴി ലക്ഷ്യം വയ്‌ക്കുന്നത്.
രാജ്യത്തെ 1,65,000 പോസ്റ്റോഫീസുകളും ആമസോൺ ഡെലിവറിക്ക് ഉപയോഗിക്കാനാകും വിധത്തിലാണ് കരാർ. 19,300 പിൻ കോഡുകളിലും ആർമി ലൊക്കേഷനുകളിലും ഉപഭോക്താക്കൾക്ക് ഫലപ്രദമായി സേവനം നൽകാൻ കഴിയും. കൂടുതൽ ജീവനക്കാരെ നിയോഗിച്ച് വരുമാനം വർദ്ധിപ്പിക്കാൻ തപാൽ വകുപ്പിനെ സജ്ജമാക്കുകയും ചെയ്യും ഈ കരാർ. ആമസോൺ സഹകരണത്തോടെ ലോജിസ്റ്റിക് മേഖലയിൽ പുത്തൻ പദ്ധതികൾ ആവിഷ്കരിക്കാനും തപാൽ വകുപ്പ് ആലോചിക്കുന്നുണ്ട്.
വിദൂര, ഗ്രാമപ്രദേശങ്ങളിൽ കാര്യക്ഷമത വർദ്ധിപ്പിക്കാനും തടസമില്ലാതെ ജനങ്ങളിലേക്ക് സേവനമെത്തിക്കാനും ആമസോണിന് ഇതുവഴി സാധിക്കും. 2013 മുതൽ ആമസോൺ ഇന്ത്യയും തപാൽ വകുപ്പും വിവിധ കരാറുകളിലൂടെ ഒന്നിച്ച് പ്രവർത്തിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർ ഷത്തിനിടെ വൻ കുതിപ്പാണ് ആമസോൺ സൃഷ്ടിക്കുന്നത്. രാജ്യത്താകെ ആറ് പിക്കപ്പ് പോയിൻ്റുകളിൽ നിന്ന് 13 എണ്ണമാക്കി ഉയർത്തി. തപാൽ വകുപ്പുമായി ചേർന്ന് എൻഡ്-ടു-എൻഡ് ഇൻ്റഗ്രേറ്റഡ് ക്യാഷ്-ഓൺ-ഡെലിവറി സാധ്യമാക്കുന്ന ആദ്യ ഇ-കൊമേഴ്‌സ് കമ്പനിയായി ആമസോൺ മാറി. ഇത് പോസ്റ്റോഫീസ് വഴി വിതരണം ചെയ്യുന്ന പാഴ്സലുകളുടെ എണ്ണം മൂന്ന് മടങ്ങ് വരെ വർദ്ധിക്കാൻ കാരണമായി.
സൈന്യത്തിന്റെ നിയന്ത്രണമുള്ള മേഖലകളിൽ പോലും തപാൽ വകുപ്പുമായി ചേർന്ന് ഡെലിവറികൾ നടത്താൻ സാധിച്ചു. ലേയിലെ നുബ്ര താഴ്വര, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങിയ ഇടങ്ങളിൽ വരെ ഇന്ന് സുഗമമായി സേവനം നൽകുന്നു. ഇന്ത്യൻ റെയിൽവേയുമായി ചേർന്നും ഡെലിവറി സാധ്യമാക്കുന്നുണ്ട്.















