മുംബൈ: മഹാരാഷ്‌ട്രയിൽ എൻസിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. അജിത് പവാർ പക്ഷം നേതാവ് സച്ചിൻ കുർമിയാണ് കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ഇന്നലെ അർദ്ധരാത്രിയോടെ മുംബൈ ബൈക്കുളയിലാണ് സച്ചിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കുള എംഎച്ച്എഡിഎ പ്രാദേശിക നേതാവാണ് കൊല്ലപ്പെട്ട സച്ചിൻ കുർമി.
രാഷ്‌ട്രീയപരമായി നടന്ന തർക്കങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതിനൊപ്പം സച്ചിൻ കുർമിക്ക് ശത്രുക്കൾ ഉണ്ടായിരുന്നോ എന്നതടക്കം വിശദമായി പരിശോധിക്കും. സമീപത്തെ സിസിടിവിയിൽ മൂന്ന് പേരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.