കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ഇന്നലെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മകൾ ഏറെ നേരം കഴിഞ്ഞും വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു.
തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്ന് പുലർച്ചെ 3.30-ഓടെ പ്രദേശത്തെ ഒരു കനാലിന് സമീപത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ രോഷാകുലരായ പ്രദേശവാസികൾ പൊലീസ് ക്യാമ്പ് തീയിട്ട് നശിപ്പിച്ചു. സംഘർഷാവസ്ഥ ഒഴിവാക്കാനുള്ള ശ്രമത്തിലാണെന്നും നിലവിൽ പ്രതിയെന്ന് സംശയിക്കുന്ന 19 കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ സർക്കാരും വിമർശനം നേരിടുന്നതിനിടെയാണ് സംഭവം. ഈ സംഭവത്തിലും പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ബംഗാളിൽ പെൺമക്കൾ സുരക്ഷിതരല്ലെന്നും തൃണമൂൽ കോൺഗ്രസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.















