ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ആലപ്പുഴയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് പിണറായി വിജയനോടുള്ള അതൃപ്തി പരസ്യമാക്കിയത്. മുതിർന്ന നേതാക്കളെ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റി നിർത്തിയതിലും ഒതുക്കിയതിലുമുള്ള അനിഷ്ടം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു.
കമ്യൂണിസ്റ്റ് മാനിഫസ്റ്റോയിൽ റിട്ടയർമെന്റ് പ്രായം 75 എന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തിൽ ഞങ്ങൾക്ക് ഇതിന് കൈപ്പൊക്കി അംഗീകാരം കൊടുക്കേണ്ടി വന്നു. മുഖ്യമന്ത്രിയാകാൻ വേറെ ആളില്ലാത്തത് കൊണ്ട് പിണറായി സഖാവിന് മാത്രം എക്സംഷൻ കൊടുത്തു.
2026 ൽ പിണറായിക്ക് 81 വയസ്സാകും. വീണ്ടും മുഖ്യമന്ത്രി ആകാൻ ചാൻസില്ലെന്ന് പറയാനികില്ല . ചട്ടം ഇരുമ്പലക്കയൊന്നുമല്ലല്ലോ. ഈ ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വർഷമല്ലേ ആയുള്ളൂ. ചട്ടം കൊണ്ടു വന്നവർക്ക് തന്നെ അത് വീണ്ടും മാറ്റല്ലോ, പിണറായിയെ ലക്ഷ്യമിട്ട് സുധാകരൻ പറഞ്ഞു.
ഇത്തരം ചട്ടം വെച്ച് നിന്നാൽ ഉന്നതസ്ഥാനങ്ങളിലേക്ക് പൊതുജനങ്ങൾ ബഹുമാനിക്കുന്ന ആളുകളെ കിട്ടില്ല. ഇത് ഗൗരവമുളള കാര്യമാണ്. എല്ലാം സ്വന്തം പോക്കറ്റിൽ ഒതുക്കാൻ നോക്കരുത്. സമൂഹത്തിന്റെ താത്പര്യമാണ് നോക്കേണ്ടത്. തോക്കുമെന്ന് ഉറപ്പുള്ളവരെ പോലും ചുമ്മാ അങ്ങ് നിർത്തുകയാണ്, സുധാകരൻ പരിഹസിച്ചു.