ശരീരത്തിലേറെ മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടമാണ് ഗർഭകാലം. ഉള്ളിൽ ജീവന്റെ തുടിപ്പുണ്ടെന്ന് അറിയുന്ന നിമിഷം മുതൽ കൺമണിയെ ആദ്യമായി കാണാനുള്ള കാത്തിരിപ്പിലും ആകാംക്ഷയിലുമാകും ഓരോ അമ്മ ഹൃദയവും. സുഖപ്രസവത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനുമായി പ്രത്യേകം ശ്രദ്ധ നൽകുന്ന സമയവുമാണ് ഗർഭകാലം. ഈ സമയത്ത് വ്യായാമം ചെയ്യാമോ എന്നത് പലരും ചോദിക്കുന്ന സംശയമാണ്.
വ്യായാമം ചെയ്താൽ ഗർഭം അലസൽ, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയവ സംഭവിക്കുമെന്നാണ് പൊതുവായുള്ള ധാരണ. ബെംഗളൂരുവിലെ മിലൻ ഫെർട്ടിലിറ്റി സെൻ്ററിലെ റീപ്രൊഡക്ടീവ് മെഡിസിൻ ആൻഡ് ഗൈനക്കോളജിസ്റ്റ് കൺസൾട്ടൻ്റ് ഡോ.സന്ധ്യ മിശ്രയുടെ അഭിപ്രായത്തിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണെന്ന് പറയുന്നു.
ഗർഭിണികൾ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഗർഭധാരണത്തിനു മുമ്പുള്ള ആരോഗ്യ നില കൂടി പരിശോധിച്ച ശേഷമാണ് എത്രത്തോളം വ്യായാമം അനുയോജ്യമാണെന്ന് നിർണയിക്കുക. നടത്തം, നീന്തൽ, എയറോബിക്സ്, യോഗ എന്നിവയെല്ലാം ഉചിതമായ വ്യായാമങ്ങളാണെന്ന് സന്ധ്യ പറയുന്നു.
വ്യായാമം ചെയ്യുന്നത് ഗർഭസ്ഥ ശിശുവിനും അമ്മയ്‌ക്കും ഒരുപോലെ ഗുണം ചെയ്യും. വ്യായാമം ശീലമാക്കുന്നത് ഗർഭിണികളിലെ മലബന്ധം, ഗർഭകാലത്തെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. സിസേറിയൻ, ഗർഭകാല പ്രമേഹം, നടുവേദന എന്നിവയ്‌ക്കുള്ള സാധ്യതയും കുറയ്‌ക്കുന്നു. ഹൃദയത്തെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്താനും ആരോഗ്യകരമായ ശരീരഭാര നിലനിർത്താനും സഹായിക്കുന്നു. പ്രസവശേഷം ശരീരഭാരം പെട്ടെന്ന് കുറയുന്നതിനും ഗർഭകാലത്തെ വ്യായാമം സഹായിക്കും.
വ്യായാമത്തിനിടെ ക്ഷീണമോ, തലകറക്കമോ, അസ്വസ്ഥതയോ തോന്നിയാൽ വ്യായാമം ചെയ്യുന്നതിന്റെ സമയം കുറയ്‌ക്കണമെന്നും ഡോ. സന്ധ്യ മിശ്ര മുന്നറിയിപ്പ് നൽകുന്നു. ദിവസവും നടക്കുന്നത് മികച്ച വ്യായാമമാണ്. നീന്തുന്നത് സന്ധികളെ കൂടുതൽ ബലപ്പെടുത്തുന്നു. ഇവ സുരക്ഷിതമായ വ്യായാമ ഓപ്ഷനുകളാണ്. യോഗ വഴക്കം വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്‌ക്കാനും ശരീരത്തെ പ്രസവത്തിനായി സജ്ജമാക്കുകയും ചെയ്യുന്നു.
ഗർഭകാലത്തെ ആദ്യ മൂന്ന് മാസങ്ങളിൽ സാധാരണ പോലെ തന്നെ വ്യായാമം ചെയ്യാം. അടുത്ത മൂന്ന് മാസങ്ങളിൽ വയർ വളരുന്നതിനാൽ, ദീർഘനേരം മലർന്ന് കിടക്കേണ്ട വ്യായാമമുറകൾ ചെയ്യാതിരിക്കുക. നീന്തൽ, നടത്തം,യോഗ എന്നിവ എല്ലായ്പ്പോഴും ചെയ്യാവുന്നതാണ്.















