ന്യൂഡൽഹി: “താൻ പാകിസ്താനിലേക്ക് പോകുന്നത് ഉഭയകക്ഷി ചർച്ചകൾക്കല്ല, ബഹുമുഖ പരിപാടികൾക്കായാണ്” എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഒക്ടോബർ 15, 16 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) കോൺക്ലേവിൽ പങ്കെടുക്കാൻ എസ് ജയശങ്കർ പാക്കിസ്താനിലേക്ക് പോകുമെന്ന് ഭാരത സർക്കാർ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ഇതിനെത്തുടർന്നുള്ള വിശദീകരണത്തിലാണ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) കോൺക്ലേവിൽ പങ്കെടുക്കാൻ പാകിസ്താൻ സന്ദർശിക്കുന്ന സമയത്ത് പാകിസ്താനുമായി ചർച്ച നടത്തില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശനിയാഴ്ച വ്യക്തമാക്കിയത്.
“ഇന്ത്യ-പാകിസ്താൻ ബന്ധത്തെ കുറിച്ച് ചർച്ച ചെയ്യാനല്ല ഞാൻ അവിടെ പോകുന്നത്. ഇത് ഒരു ബഹുരാഷ്ട്ര പരിപാടിക്ക് വേണ്ടിയായിരിക്കും. എസ്സിഒയിൽ ഒരു നല്ല അംഗമാകാനാണ് ഞാൻ അവിടെ പോകുന്നത്,” അദ്ദേഹം പറഞ്ഞു.
തുടർന്ന് സാർക്ക് സംരംഭം പാളം തെറ്റിയതിന് ഉത്തരവാദി പാകിസ്താനാണെന്ന് എസ് ജയശങ്കർ ആരോപിച്ചു.
“ഇപ്പോൾ സാർക്ക് മുന്നോട്ട് നീങ്ങുന്നില്ല, വളരെ ലളിതമായ ഒരു കാരണത്താൽ നാം സാർക്കിന്റെ മീറ്റിംഗ് നടത്തിയിട്ടില്ല – സാർക്കിലെ ഒരു അംഗം സാർക്കിലെ മറ്റൊരു അംഗത്തിന് എതിരെ അതിർത്തി കടന്നുള്ള തീവ്രവാദം സംഘടിപ്പിക്കുന്നു, തീവ്രവാദം എന്നത് അസ്വീകാര്യമായ ഒന്നാണ്, നമ്മുടെ അയൽക്കാരിൽ ഒരാൾ അത് തുടർന്നുകൊണ്ടിരുന്നാൽ, സാർക്കിൽ സാധാരണ പോലെ ബിസിനസ്സ് നടത്താൻ കഴിയില്ല – അതാണ് സമീപ വർഷങ്ങളിൽ സാർക്ക് സമ്മേളനം നടക്കാത്തതിന് കാരണം” അദ്ദേഹം പറഞ്ഞു.
ഏകദേശം ഒമ്പത് വർഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക് പോകുന്നത്.സുഷമ സ്വരാജാണ് അവസാനമായി പാകിസ്താൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി. 2015 ഡിസംബറിൽ അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ അവർ ഇസ്ലാമാബാദിലേക്ക് പോയിരുന്നു.