ഹൈദരാബാദ്: പൊതുസ്വത്ത് കയ്യേറി കൺവെൻഷൻ സെന്റർ നിർമിച്ചെന്ന ആരോപണത്തിൽ നടൻ നാഗാർജുനക്കെതിരെ പരാതി. ഹൈദരാബാദിലെ മദാപൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി വന്നത്. എൻജിഒ ജനം കോസം മനസാക്ഷി ഫൗണ്ടേഷൻ പ്രസിഡന്റ് കാസിറെഡ്ഡി ഭാസ്കരയാണ് നടനെതിരെ പരാതി നൽകിയത്.
നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ കൺവെൻഷൻ സെന്ററിനെതിരെയാണ് ആരോപണം ഉയരുന്നത്. ഹൈദരാബാദിലെ തമ്മിടികുണ്ട തടാകത്തിന്റെ ബഫർ സോണിൽ ഉൾപ്പെടുന്ന നൂറുക്കണക്കിന് കോടി വിലമതിക്കുന്ന ഭൂമി കയ്യേറിയാണ് നാഗാർജുന കൺവെൻഷൻ സെന്റർ നിർമിച്ചതെന്ന് കാസിറെഡ്ഡി ഭാസ്കരയുടെ പരാതിയിൽ പറയുന്നു.
പൊതുസ്വത്ത് കയ്യേറി നിർമിച്ച കൺവെൻഷൻ സെന്ററിലൂടെയാണ് നാഗാർജുന വരുമാനം ഉണ്ടാക്കുന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു. ഈ നിയമ ലംഘനങ്ങൾക്ക് നടനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും കാസിറെഡ്ഡി ഭാസ്കര പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് 24-ന് ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി നാഗാർജുനയുടെ കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റിയിരുന്നു. പൊതുസ്വത്തും ജലാശയവും കയ്യേറി കൺവെൻഷൻ സെന്റർ നിർമിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചാണ് സെന്ററിന്റെ നിർമാണം നടന്നത്. രണ്ട് ഏക്കറോളം സ്ഥലം കയ്യേറിയെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, ഒരു തുണ്ട് ഭൂമി പോലും താൻ കയ്യേറിയിട്ടില്ലെന്നാണ് നാഗാർജുന പറയുന്നത്.