ഉഗാദുഗൗ: ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ ബർക്കിനാ ഫാസോ. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഭീകരാക്രമണം 600 മനുഷ്യ ജീവനുകളായിരുന്നു കവർന്നത്.
സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ബർക്കിനാ ഫാസോയിലെ ബർസലോഘോ എന്ന ടൗണിൽ കഴിഞ്ഞ ഓഗസ്റ്റ് 24നായിരുന്നു ആക്രമണം. ടൗണിലേക്ക് ഇരച്ചെത്തിയ ഭീകരർ കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. ആയുധങ്ങളുമായി മോട്ടോർസൈക്കിളിൽ കറങ്ങിയ ഭീകരസംഘം സ്ത്രീകളെയും കുട്ടികളെയും നിഷ്കരുണം കൊന്നുതള്ളി. വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ മരിച്ച് കിടക്കുന്നതായി നടിച്ചവരെ പോലും വെറുതെവിട്ടില്ല.
ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വൽ-മുസ്ലിമിൻ (JNIM) എന്ന ഭീകരസംഘടനയായിരുന്നു ആക്രമണത്തിന് പിന്നിൽ. അൽ-ഖ്വയ്ദയുടെ ഉപസംഘടനയാണിത്. അയൽരാജ്യമായ മാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന JNIM കഴിഞ്ഞ ഏതാനും കാലങ്ങളായി ബർക്കിനാ ഫാസോയിലും സജീവമാണ്.
ആക്രമണത്തിന് പിന്നാലെ ഐക്യരാഷ്‌ട്ര സഭ പുറത്തുവിട്ട കണക്കുകൾ പ്രകാരം 200 പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ തങ്ങൾ മുന്നൂറ് പേരെ കൊന്നുവെന്ന് JNIM പ്രഖ്യാപിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ അനവധി മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. ഫ്രഞ്ച് സർക്കാരിന്റെ സുരക്ഷാ ഏജൻസിയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
സായുധരായ ഭീകരരിൽ നിന്ന് രക്ഷതേടാൻ ടൗണിന് ചുറ്റും കിടങ്ങുകൾ സ്ഥാപിക്കണമെന്ന് രാജ്യത്തെ സൈന്യം ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ജനങ്ങൾ കിടങ്ങ് സ്ഥാപിക്കാൻ തുടങ്ങിയതോടെയായിരുന്നു ഭീകരാക്രമണം. തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട നിരവധി പ്രദേശവാസികളുണ്ടായിരുന്നു. അതിൽ ഭൂരിഭാഗം പേരും വെടികൊണ്ട് പരിക്കേറ്റവരാണ്. ആക്രമണം നടന്നതിന് ശേഷം മൃതദേഹങ്ങൾ വാരിക്കൂട്ടിയിടാൻ മൂന്ന് ദിവസത്തോളം ആവശ്യമായി വന്നുവെന്നാണ് അതിജീവിതർ പറയുന്നത്.
പടിഞ്ഞാറൻ ആഫ്രിക്കയിൽ സ്ഥിതിചെയ്യുന്ന ബർക്കിനാ ഫാസോയിൽ 2015 മുതലാണ് ജിഹാദി കലാപം ആരംഭിക്കുന്നത്. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകൾ, തുടർച്ചയായി നടത്തിയ വിവിധ ആക്രമണങ്ങളിലായി 20,000ത്തോളം സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. രണ്ട് ദശലക്ഷത്തോളം ആളുകൾ ഇവിടെ നിന്ന് പലായനം ചെയ്തു. ഇക്കൊല്ലം മാത്രം 3,800 പേർ കൊല്ലപ്പെട്ടു. ഭീകരരെ കൈകാര്യം ചെയ്യാൻ സൈന്യത്തിന് കഴിയുന്നില്ലെന്നാണ് രാജ്യത്തെ പൗരന്മാരുടെ ആക്ഷേപം.















