ഗ്വാളിയാർ: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 ഇന്ന് നടക്കും. ഗ്വാളിയാറിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. അഭിഷേക് ശർമ്മയും സഞ്ജു സാംസണുമാണ് ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ടിലിറങ്ങുക. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. ഒൻപത് വർഷത്തിനിടെ ഇന്ത്യയ്‌ക്കായി കളിച്ച 30 ട്വന്റി 20 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലാണ് സഞ്ജുവിന് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ അവസരം ലഭിച്ചത്.
2022 ൽ അയർലൻഡിനെതിരെ 77 റൺസ് നേടിയ സഞ്ജുവിന്റെ പ്രകടനവും ഓപ്പണറുടെ റോളിലായിരുന്നു. ജൂലൈയിൽ സിംബാബ് വെയ്‌ക്കെതിരെ സെഞ്ചുറി നേടി ടി- 20 യിൽ തിരിച്ചുവരവ് അടയാളപ്പെടുത്തിയ അഭിഷേക് ശർമ്മയ്‌ക്കൊപ്പം സഞ്ജുവും ഓപ്പണിംഗിൽ ഇറങ്ങുന്നതോടെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് ക്യാപ്റ്റന്റെ കണക്കുകൂട്ടൽ. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു മൂന്നാം നമ്പരിലാണ് ബാറ്റിംഗിന് ഇറങ്ങിയിരുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലിൽ 15 ഇന്നിംഗ്‌സുകളിൽ സഞ്ജു 531 റൺസ് നേടിയിരുന്നു.
2015 ൽ സിംബാബ് വെയ്‌ക്കെതിരായ അരങ്ങേറ്റ മത്സരത്തിന് ശേഷം പരമ്പരയിലെ മുഴുനീള ഫസ്റ്റ് ചോയ്‌സ് കീപ്പറായും ഓപ്പണറായും സഞ്ജുവിന് അവസരം ലഭിച്ചിട്ടുളളത് ചുരുക്കമാണ്. റിഷഭ് പന്തിന് ഇടവേള നൽകിയാണ് സഞ്ജുവിനെ ഫസ്റ്റ് ചോയ്‌സ് കീപ്പറായി പരമ്പരയിൽ ഉൾപ്പെടുത്തിയത്. സഞ്ജുവിന് അവസരങ്ങൾ നൽകുന്നില്ലെന്ന ആരാധകരുടെ പരാതി കൂടിയാണ് പരിഗണിക്കപ്പെടുന്നത്. ട്വന്റി 20 ഇലവനിൽ സ്ഥിരം സ്ഥാനം ഉറപ്പിക്കാൻ സഞ്ജുവിന് ലഭിച്ച അവസരം കൂടിയാണിത്.
മൂന്ന് മത്സരങ്ങളുളള ട്വന്റി -20 പരമ്പരയിലെ ആദ്യ മത്സരമായിരിക്കും ഇന്ന് നടക്കുക. നേരത്തെ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. ട്വന്റി 20 യിൽ താരതമ്യേന പരിചയക്കുറവുളള ബംഗ്ലാദേശ് അടുത്തിടെ മികച്ച പ്രകടനമാണ് നടത്തുന്നത്. സ്വന്തം കളിശൈലി മെച്ചപ്പെടുത്താനുളള അവസരമായിട്ടാണ് ഇന്ത്യയുമായുളള മത്സരത്തെ ബംഗ്ലാദേശ് ടീം വിലയിരുത്തുന്നത്.