നിലമ്പൂർ: പിവി അൻവർ എംഎൽഎയുടെ രാഷ്‌ട്രീയ പ്രഖ്യാപനം ഇന്നില്ല. ഇന്ന് മഞ്ചേരിയിലെ രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ പാർട്ടി പ്രഖ്യാപിക്കുമെന്ന് ആയിരുന്നു പിവി അൻവർ നേരത്തെ അറിയിച്ചിരുന്നത്. രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഷ്‌ട്രീയ പാർട്ടിയായി പ്രഖ്യാപിക്കാനുളള സാങ്കേതിക തടസമുണ്ടെന്നും പ്രശ്‌നങ്ങൾ നിയമവിദഗ്ധരുമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അൻവർ വ്യക്തമാക്കിയത്.
പാർട്ടിയുടെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുളള നടപടിക്രമങ്ങൾ ഉണ്ട്. അത് അതിന്റെ ഫ്‌ളോയിൽ നടക്കും. നാട് അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പൊതുസമൂഹത്തിൽ ഉന്നയിക്കുകയാണ് മഞ്ചേരിയിലെ പൊതുയോഗത്തിന്റെ ലക്ഷ്യം. കെട്ടിവച്ച കാശ് പോലും സിപിഎം സ്ഥാനാർത്ഥികൾക്ക് കിട്ടാത്ത രീതിയിൽ ബംഗാളിലേതിനെക്കാൾ മോശമായ അവസ്ഥയിലേക്ക് കൊണ്ടുപോകുകയാണെന്ന് അൻവർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ആ നയത്തിനൊപ്പം പാർട്ടി കൂടി നിൽക്കുന്നത് എന്തിനാണെന്ന് ഒരു ഘട്ടത്തിൽ കേരളത്തിലെ ജനങ്ങളോട് സിപിഎമ്മിന് വിശദീകരിക്കേണ്ടി വരും.
പാവപ്പെട്ട സഖാക്കളെയും പൊതുജനങ്ങളെയും ഇപ്പോൾ സിപിഎം കണ്ണുരുട്ടി പേടിപ്പിക്കുകയാണ്. അവർക്കൊക്കെ പ്രതികരിക്കാനുളള അവസരമാണ് തെരഞ്ഞെടുപ്പ്. പാർട്ടി പുനർ വിചിന്തനം നടത്തിയില്ലെങ്കിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനമാണ് എന്ന കാര്യത്തിൽ ഒരാൾക്കും തർക്കമില്ലെന്നും പിവി അൻവർ പറഞ്ഞു.
പിണറായി അധികാരത്തിൽ വന്നതിന് ശേഷമാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്ത് ബംഗലൂരുവിലെ ജയിലിലാക്കുന്നത്. ഇത് കോടിയേരിക്ക് മാനസീക സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. സെക്രട്ടറിസ്ഥാനത്ത് നിന്ന് മാറുന്നത് വരെയുളള കാലഘട്ടത്തിൽ അദ്ദേഹം നിരാശയിലായിരുന്നു. സർക്കാരിലുളള പാർട്ടിയുടെ ഇടപെടലും അതോടെ നിന്നു. ആറ് വർഷത്തോളമായി പാർട്ടി സെക്രട്ടറിയേറ്റിന്റെ ഇടപെടൽ സർക്കാരിൽ ഉണ്ടായിട്ടില്ല. എല്ലാം നിയന്ത്രിച്ചത് മുഖ്യമന്ത്രി തന്നെയാണ്. പാർട്ടിയുടെ ഇടപെടൽ പൂർണമായി ഒഴിവായിരുന്ന അവസ്ഥയിലാണ് എംവി ഗോവിന്ദൻ സെക്രട്ടറിയായി വരുന്നത്. സെക്രട്ടറിയാകാൻ കാത്തിരുന്ന നിരവധി പേർക്കിടയിൽ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയെന്ന നിലയിലാണ് അദ്ദേഹം സെക്രട്ടറിയായതെന്നും അൻവർ പറഞ്ഞു. അതുകൊണ്ടു തന്നെ സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നോ എന്ന് പറയാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും അൻവർ ചൂണ്ടിക്കാട്ടി.
യുഡിഎഫിനോടുളള നിലപാട് എങ്ങനെ വേണമെന്ന്് ആലോചിച്ചിട്ടില്ലെന്ന് അൻവർ പറഞ്ഞു. കുട്ടി പിറക്കുന്നതേയുളളൂ. ഇതുവരെ ഗർഭിണിയാണ്. ഭൂമിയിലേക്ക് ഇറങ്ങി കാലുറപ്പിക്കാനുളള സമയെങ്കിലും വേണ്ടേ എന്നായിരുന്നു പ്രതികരണം.
കേരളത്തിലെ സ്വർണക്കടത്ത് അടക്കമുളള വിഷയങ്ങളെക്കുറിച്ച് ഡിഎംകെയ്‌ക്ക് ബോധ്യമുണ്ടോയെന്ന ചോദ്യത്തിന് ഒന്നര മാസമായി ഹിന്ദു ഉൾപ്പെടെയുളള ഇംഗ്ലീഷ് പത്രങ്ങളിൽ വരുന്ന റിപ്പോർട്ടുകളെക്കുറിച്ച് ഡിഎംകെ നേതൃത്വത്തിനും അറിയാമെന്ന് ആയിരുന്നു അൻവറിന്റെ മറുപടി. തമിഴ്‌നാട്ടിലെ ജനങ്ങൾക്കും കേരളത്തിലെ ജനങ്ങൾക്കും കാര്യങ്ങൾ അറിയാം. ഇതൊന്നും മനസിലാകാത്ത രണ്ട് പേരെയുളളൂ കേരളത്തിലെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അൻവർ പറഞ്ഞു.















