തൃശൂർ: കരുവന്നൂർ ബംഗ്ലാവ് ചേലകടവിൽ ഗുണ്ടാ ആക്രമണം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ദുർഗാനഗർ സ്വദേശികളായ പേച്ചേരി വീട്ടിൽ സുധാകരൻ (50) , പേയിൽ വീട്ടിൽ സലീഷ് (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശത്ത് മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനം സജീവമാണ്. ഒരു സംഘം ആളുകൾ പ്രദേശത്ത് മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നാലെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസെത്തി അന്വേഷണം നടത്തി പോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്തിരുന്നവരെയാണ് ആക്രമിച്ചത്.