ജയ്പൂർ: ഭാരതം ഹിന്ദു രാഷ്‌ട്രമാണെന്നും ഹിന്ദു എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് ഇവിടെ ജീവിക്കുന്ന എല്ലാ സമൂഹം ജനങ്ങളെയുമാണെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. രാജസ്ഥാനിലെ ബാരൻ നഗറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ പൂർവ്വികരുടെ കാലം മുതൽ ഇവിടെ താമസിക്കുന്നവരാണ്. ഹിന്ദു എന്നാൽ ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ സമൂഹത്തെയുമാണ് അർത്ഥമാക്കുന്നത്. എല്ലാവരെയും ഉൾക്കൊളളുന്നവരും എല്ലാവരും തങ്ങളുടെ സ്വന്തമാണെന്നും കരുതുന്നവരാണ് ഹിന്ദുക്കൾ. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ യാന്ത്രികമല്ല. അത് ചിന്തകളുടെ അടിസ്ഥാനത്തിലാണ്. ലോകത്തെ മറ്റൊരു പ്രവർത്തനവുമായും ആർഎസ്എസിന്റെ പ്രവർത്തനത്തെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘ ലീഡറിൽ നിന്ന് മൂല്യങ്ങൾ സ്വയംസേവകരിലേക്ക് പകരുന്നു. സ്വയംസേവകനിലൂടെ അവരുടെ കുടുംബത്തിലും ആ മൂല്യങ്ങളെത്തും. ഇതാണ് സംഘത്തിന്റെ വ്യക്തിത്വ വികസനത്തിന്റെ രീതിയെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ സുരക്ഷയ്‌ക്കായി ജാതിയുടെയും ഭാഷയുടെയും ദേശത്തിന്റെയും വേർതിരിവുകൾ ഇല്ലാതാക്കി നാം ഒരുമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തെ സംബന്ധിച്ച് സംഘടന, നൻമ, അടുപ്പം അങ്ങനെ ചില സമ്പ്രദായങ്ങളുണ്ട്.
സ്വഭാവത്തിലെ അച്ചടക്കവും രാജ്യത്തോടുളള കടമയും ലക്ഷ്യബോധവുമൊക്കെ സമൂഹത്തിൽ ആവശ്യമാണ്. സമൂഹമെന്നാൽ ഞാനോ എന്റെ കുടുംബമോ മാത്രം നിർമിച്ചതല്ല. മറിച്ച് സമൂഹത്തിലെ എല്ലാ ആശങ്കകളും കണക്കിലെടുത്ത് ദൈവത്തെ ജീവിതത്തിൽ മുറുകെപ്പിടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.















