കോഴിക്കോട്: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തും കൂട്ടാളികളും പിടിയിൽ. തൃശൂർ കൈപ്പമംഗലം സ്വദേശികളായ അബ്ദുൾ അക്ബർ, അൻസാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് സഹായം ചെയ്ത് നൽകിയത് കാക്ക രഞ്ജിത്താണ്.
കിഴക്കോത്ത് സ്വദേശിയും വ്യവസായിയുമായ യുവാവിനെ ഭീഷണിപ്പെടുത്തി മൂന്നരലക്ഷം രൂപ തട്ടിയെടുക്കുകയും പിന്നീട് ഫോണിൽ വിളിച്ച് 10 ലക്ഷം രൂപകൂടി നൽകിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്നും അദ്ദേഹത്തെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇവർ പിടിയിലായത്. തുടർച്ചയായി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് വ്യവസായി പൊലീസിൽ പരാതി നൽകിയത്.
ഇയാളുടെ ജിമ്മിലെ സഹായിയായിരുന്നു അറസ്റ്റിലായ അബ്ദുൾ അക്ബർ. കേസിൽ രണ്ട് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.















