തൃശൂർ: ജില്ലയിലെ മൂന്നിടങ്ങളിലായി എടിഎം കവർച്ച നടത്തിയ പ്രതികളെ എടിഎമ്മിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താണിക്കുടം പുഴയിൽ സ്‌കൂബ ഡൈവേഴ്‌സിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ മോഷണത്തിന് ഉപയോഗിച്ച ഗ്യാസ് കട്ടറും ഒമ്പത് എടിഎം ട്രേകളും അന്വേഷണ സംഘം കണ്ടെടുത്തു. എടിഎം ട്രേകൾ എസ്ബിഎയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
തൃശൂർ ഷൊർണൂർ റോഡിലെ എടിഎമ്മിലാണ് പ്രതികളെ ആദ്യമെത്തിച്ചത്. പിടിയിലായ നാല് പേരെയാണ് തെളിവെടുപ്പിനെത്തിച്ചത്. മോഷണം നടത്തിയ രീതികൾ പ്രതികൾ പൊലീസിന് കാണിച്ചുകൊടുത്തു.
മോഷണത്തിന് ശേഷം താണിക്കുടത്ത് പുഴയിലേക്ക് ആയുധങ്ങൾ വലിച്ചെറിഞ്ഞതായി പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. പാലത്തിൽ കാർ നിർത്തിയ ശേഷം പുഴയിലേക്ക് ആയുധങ്ങൾ വലിച്ചെറിയുകയായിരുന്നു. തുടർന്ന് സ്കൂബ ഡൈവേഴ്സിന്റെ സഹായത്തോടെയാണ് പുഴയിൽ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെടുത്തത്.
കഴിഞ്ഞ മാസമാണ് പ്രതികൾ തൃശൂരിൽ മൂന്നിടങ്ങളിലായി എടിഎം മെഷീൻ കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഷൊർണൂർ റോഡ്, കോലാഴി, മാപ്രാണം എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലായിരുന്നു മോഷണം. 60 ലക്ഷത്തിലധികം രൂപയാണ് പ്രതികൾ കൈക്കലാക്കിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് പ്രതികൾ എടിഎം മെഷീൻ പൊളിച്ചത്. പുലർച്ചെ നാല് മണിക്കായിരുന്നു കവർച്ച.