ആലപ്പുഴ; പിആർ വിവാദത്തിൽ പ്രതിരോധത്തിലായ പിണറായി വിജയനെതിരെ പുതിയ പോർമുഖം തുറന്ന് ജി സുധാകരൻ. പ്രായപരിധി പറഞ്ഞ് താൻ അടക്കമുളളവരെ മാറ്റി നിർത്തിയതിനെ ചോദ്യം ചെയ്താണ് ജി സുധാകരൻ വീണ്ടും രംഗത്ത് വരുന്നത്. 79 ാം വയസിലും മുഖ്യമന്ത്രി പദത്തിൽ തുടരുന്ന പിണറായി വിജയനെ ലക്ഷ്യമിട്ടാണ് മുൻമന്ത്രി കൂടിയായ ജി സുധാകരൻ പൊതുവേദിയിൽ പ്രായവിവാദവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമിട്ടത്. പാർട്ടിയിലെ സമാന അഭിപ്രായമുളള മറ്റ് നേതാക്കളും വിഷയം ഏറ്റുപിടിച്ചേക്കുമെന്നാണ് സൂചന.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്ന് പിബിയുടെയും കേന്ദ്ര കമ്മറ്റിയുടെയും ഏകോപന ചുമതല പാർട്ടി ഏൽപ്പിച്ചത് 76 കാരനായ പ്രകാശ് കാരാട്ടിനെയാണ്. നിലവിൽ സി.പി.എം ഭരണത്തിലിരിക്കുന്ന ഒരേയൊരു സംസ്ഥാനമായ ഇവിടുത്തെ മുഖ്യമന്ത്രിക്കും സി.പിഎം പരമോന്നത കമ്മറ്റിയുടെ ഏകോപന ചുമതലയ്‌ക്കും ബാധകമാകാത്ത പ്രായപരിധിയുടെ പേരിൽ തന്നെയടക്കം മാറ്റി നിർത്തിയതിലെ അനീതിയാണ് ഒരിക്കൽ കൂടി സുധാകരൻ പൊതുസമൂഹത്തിന് മുൻപിൽ ചൂണ്ടിക്കാണിച്ചത്.
വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിസ്ഥാനം വഹിക്കുമ്പോൾ 75 വയസ് പിന്നിട്ടിരുന്നു. ഇ.കെ നയനാരും ഇഎംഎസും 75 പിന്നിട്ടപ്പോഴും പദവികളിൽ തുടർന്നവരാണ്. സിപിഎമ്മിന്റെ സമ്മേളന കാലത്ത് തന്നെയാണ് ജി സുധാകരൻ ഇത്തരമൊരു ചർച്ച ആളിക്കത്തിക്കാൻ ശ്രമിക്കുന്നതും.
2020 ൽ ജനപ്രതിനിധികൾക്ക് രാഷ്‌ട്രീയ പാർട്ടികൾ പ്രായപരിധി നിശ്ചയിക്കണമെന്ന് സജി ചെറിയാൻ അഭിപ്രായപ്പെട്ടിരുന്നെങ്കിലും പിന്നീട് അതിൽ നിന്ന് പിന്നോട്ടുപോയിരുന്നു. ഒരിടവേളയ്‌ക്ക് ശേഷമാണ് സിപിഎമ്മിൽ പ്രായ വിവാദം വീണ്ടും ചർച്ചയാകുന്നത്. പ്രായത്തിന്റെ പേരിൽ താനുൾപ്പെടെയുളളവരെ മാറ്റിനിർത്തിയിട്ടും പകരം ജനകീയരായ നേതാക്കളെ കണ്ടെത്താനും മുന്നോട്ടുകൊണ്ടുവരാനും പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന വിമർശനവും ജി സുധാകരൻ ഉന്നയിക്കുന്നുണ്ട്. ജനങ്ങൾ ബഹുമാനിക്കുന്ന നല്ല നേതാക്കളെ കിട്ടാനില്ലെങ്കിൽ എന്ത് ചെയ്യും. ഇതൊക്കെ ഗൗരവമുളള കാര്യമാണെന്ന് ആയിരുന്നു സുധാകരന്റെ വാക്കുകൾ.
“രാഷ്‌ട്രീയത്തിൽ റിട്ടയർമെന്റ് പാർട്ടി പരിപാടിയിൽ പറഞ്ഞിട്ടില്ല. പ്രത്യേക സാഹചര്യത്തിലായിരുന്നു അന്ന് അത് അവതരിപ്പിച്ചത്. ഞങ്ങളെല്ലാം അംഗീകരിച്ചു. അത് പക്ഷെ ഗുണകരമല്ല. ഇഎംഎസിന്റെയോ എകെജിയുടെയോ കാലത്ത് ആയിരുന്നെങ്കിൽ എന്തായിരുന്നു സ്ഥിതി”യെന്നും സുധാകരൻ ചോദിക്കുന്നു. “ചട്ടം ഇരുമ്പുലക്കയൊന്നും അല്ലല്ലോ., പാർട്ടി പരിപാടിയിൽ ഇല്ലാത്ത ചട്ടമാണ്. മൂന്ന് വർഷമായതല്ലേയുളളൂ അതങ്ങ് മാറ്റിക്കൂടെ എന്താണ് അതിന് പ്രശ്‌നമെന്നും” സുധാകരൻ തുറന്നടിച്ചു.
തുടർ ഭരണം നേടിയപ്പോൾ വീണ്ടും മുഖ്യമന്ത്രിയാകാൻ പറ്റിയ വ്യക്തിയില്ലാതിരുന്നതുകൊണ്ടാണ് പിണറായി സഖാവിന് എക്സ്റ്റൻഷൻ കൊടുത്തതെന്നും ജി സുധാകരൻ പറഞ്ഞു. നമ്മുടെ പോക്കറ്റിൽ ഒതുക്കാവുന്നതല്ല ഇതൊന്നും. സമൂഹത്തോടാണ് സംസാരിക്കേണ്ടത്. അവരുടെ താൽപര്യമാണ് നോക്കേണ്ടതെന്നും സുധാകരൻ പറയുന്നു. സിപിഎമ്മിന്റെ പ്രായപരിധി നീക്കം ചിലരുടെ താൽപര്യപ്രകാരം ചിലരെ വെട്ടിമാറ്റാനാണെന്ന വിമർശനം നേരത്തെ തന്നെ പാർട്ടിക്കുളളിലും പൊതുസമൂഹത്തിലുമുണ്ട്. ജി സുധാകരനെപ്പോലുളള നേതാക്കൾ ഇതിനെ പരസ്യമായി ചോദ്യം ചെയ്യുമ്പോൾ സമ്മേളനകാലമായതുകൊണ്ടു തന്നെ ചർച്ചകൾക്ക് വീണ്ടും തീപിടിക്കുമെന്ന് ഉറപ്പാണ്.















