ഭോപ്പാൽ: ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 1,800 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സ്ഥിതിചെയ്യുന്ന ഫാക്ടറിയിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. ഫാക്ടറിയിൽ എംഡി ഡ്രഗ് (Mephedrone) നിർമിച്ചിരുന്നതായും അധികൃതർ കണ്ടെത്തി. നിയമവിരുദ്ധമായി മരുന്ന് ഉത്പാദിപ്പിച്ചതിന് ഫാക്ടറിയിലുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലഹരിക്കെതിരായ പോരാട്ടത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച എൻസിബി-എടിഎസ് സംഘത്തെ ഗുജറാത്ത് മന്ത്രി ഹർഷ് സാംഘ്വി പ്രശംസിച്ചു. വാർത്തകളിൽ ഇടംപിടിച്ച ഡൽഹി ലഹരിവേട്ടയ്‌ക്ക് പിന്നാലെയാണ് ഭോപ്പാൽ ഫാക്ടറിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് കണ്ടെത്തിയത്. ഡൽഹിയിൽ നടത്തിയ റെയ്ഡിൽ 560 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയും കണ്ടെത്തിയിരുന്നു. സൗത്ത് ഡൽഹിയിലെ മഹിപാൽപൂരിൽ നടത്തിയ പരിശോധനയിലാണ് 5,620 കോടി രൂപയുടെ വൻ ലഹരി ശേഖരം പൊലീസ് പിടികൂടിയത്. സംഭവത്തിൽ അറസ്റ്റിലായവരിൽ കോൺഗ്രസ് ബന്ധമുള്ളവരും ഉണ്ടായിരുന്നു.