വയനാട്: ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. മലപ്പുറം തിരൂർ സ്വദേശി കെ പി ഫഹദാണ് പിടിയിലായത്. വയനാട് സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ടെലിഗ്രാമിൽ പാർട്ട് ടൈം ജോലിയുടെ പരസ്യം കണ്ടാണ് വയനാട് സ്വദേശി ഫഹദുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഓൺലൈൻ വഴി ഉയർന്ന വരുമാനം നേടാൻ സാധിക്കുന്ന ജോലികൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇയാൾ പണം തട്ടുകയായിരുന്നു.
ജോലിയുടെ തുടക്കത്തിൽ പരാതിക്കാരനെ കൊണ്ട് yumdishse എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു. വിവിധ ഭക്ഷണങ്ങൾക്ക് റേറ്റിംഗ് നൽകാനും റിവ്യൂ നൽകാനുമായിരുന്നു നിർദേശം. പ്രതിഫലമായി ഉയർന്ന തുകയും വാഗ്ദാനം ചെയ്തു.
എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഫഹദ് വിവിധ കാരണങ്ങൾ പറഞ്ഞ് പരാതിക്കാരനിൽ നിന്ന് പണം തട്ടുകയായിരുന്നു. ഇത്തരത്തിൽ 33 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. പണം ആവശ്യപ്പെട്ട് ഫഹദിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരന് മനസിലായത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരൂരിൽ നിന്നും പ്രതിയെ പൊലീസ് പിടികൂടി.















