ബൈക്കപകടത്തിൽ പരിക്കേറ്റ കാമുകി മരിച്ചതിന് പിന്നാലെ യുവാവ് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് ദാരുണ സംഭവം. ശനിയാഴ്ച ഉച്ചയ്‌ക്കായിരുന്നു അപകടവും ആത്മഹത്യയും. മധുരാന്തകം സ്വദേശി ഇ.സബ്രീന(20), ഉതിരമേരൂർ സ്വദേശി എസ് യോഗേശ്വരൻ(20) എന്നിവരാണ് 30 മിനിട്ട് വ്യത്യാസത്തിൽ മരിച്ചത്. ഇരുവരും എൻജിനിയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥികളാണ്. മാമല്ലപുരത്ത് നിന്ന് കോളേജിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
പുതുച്ചേരി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് ബൈക്കിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ സബ്രീനയുടെ തലയ്‌ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇതു കേട്ടയുടൻ യോഗേശ്വരൻ ഇസിആർ റോഡിലേക്ക് ഓടി ഒരു ബസിന് മുന്നിൽ ചാടുകയായിരുന്നു. യുവാവ് തത്ക്ഷണം മരിച്ചു. ബസ് ഡ്രൈവർമാരായ പരമശിവൻ, അറുമുഖം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.