ചെന്നൈ: മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. കാണികളിൽ മൂന്ന് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 230 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കൊടുംചൂടിനെ തുടർന്ന് കാണികൾക്ക് സൂര്യാഘാതവും നിർജലീകരണവും സംഭവിക്കുകയായിരുന്നു.
പെരുംഗലത്തൂർ സ്വദേശി ശ്രീനിവാസൻ (48), തിരുവോട്ടിയൂർ സ്വദേശി കാർത്തികേയൻ (34), കൊരുകുപെട്ട് സ്വദേശി ജോൺ (56) എന്നിവരാണ് മരിച്ചത്. ജനക്കൂട്ടത്തിൽ ഭൂരിഭാഗം പേർക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. വ്യോമസേനയുടെ 92-ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ എയർ ഷോ കാണാനെത്തിയവരായിരുന്നു അപകടത്തിൽപ്പെട്ടത്.
എയർഷോ കാണാൻ ലക്ഷക്കണക്കിന് പേരായിരുന്നു മറീന ബീച്ചിൽ തടിച്ചുകൂടിയത്. ചെന്നൈ നഗരത്തിലെമ്പാടും തിരക്ക് അനുഭവപ്പെട്ടിരുന്നു. രാവിലെ 11 മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെയായിരുന്നു എയർ ഷോ. എട്ട് മണി മുതൽക്കെ ആളുകൾ എത്തിയിരുന്നു. ഷോ ആരംഭിക്കുന്നതിന് മുൻപ് തന്നെ പലരും തലകറങ്ങി വീഴാൻ തുടങ്ങി. അസഹ്യമായ ചൂടിനെ പ്രതിരോധിക്കാൻ കഴിയാതെ പലരും ക്ഷീണിതരായി. ഷോ നടക്കുന്നതിനിടെ ജനക്കൂട്ടമാകെ അസ്വസ്ഥമാകാൻ തുടങ്ങി. എയർ ഷോ കഴിഞ്ഞപാടെ എല്ലാവരും സ്ഥലം വിടാൻ ശ്രമിച്ചു. ജനക്കൂട്ടം ഒരേസമയം പുറത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ തിക്കും തിരക്കുമുണ്ടാവുകയായിരുന്നു. ഇതോടെയാണ് അപകടം സംഭവിച്ചത്.















